KeralaLatest

വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം; ശ്രീരാമകൃഷ്ണൻ കൂടുതൽ കുരുക്കിലേക്ക്

“Manju”

കൊച്ചി : സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ കുരുക്ക് മുറുകുന്നു. സ്വപ്നയുടേതിന് പിന്നാലെ സരിത്തിൻ്റെയും മൊഴിയും പുറത്തുവന്നു. സ്പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടിരുന്നുവെന്ന് സ്വപ്‌ന മൊഴി നൽകിയപ്പോൾ കോൺസുൽ ജനറലിന് നൽകാൻ സ്പീക്കർ പണമടങ്ങിയ ബാഗ് എൽപ്പിച്ചെന്നാണ് സരിത്ത് മൊഴി നൽകിയത്. ക്രൈംബ്രാഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് മൊഴിയുടെ വിശദാംശങ്ങൾ. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ഇ ഡി കോടതിയിൽ.

തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വച്ചാണ് സ്പീക്കർ തനിക്ക് പണം നൽകിയതെന്ന് സരിത് മൊഴി നൽകിയിട്ടുണ്ട്. കോൺസുൽ ജനറലിന് കൈമാറാനായിരുന്നു നിർദ്ദേശം. ലോക കേരള സഭയുടെ എബ്ലം ബാഗിലുണ്ടായിരുന്നു. പുറത്ത് എസ് ആർ കെ എന്ന കോഡും രേഖപ്പെടുത്തി. ബാഗിൽ 10 കെട്ട് നോട്ടുണ്ടായിരുന്നുവെന്നും കാലിയായ ബാഗാണ് താൻ തിരികെ വീട്ടിൽ കൊണ്ടുപോയതെന്നും സരിത്തിൻ്റെ മൊഴിയിലുണ്ട്. ഇതിനൊപ്പമാണ് സ്വപ്നയുടെ മൊഴിയും പുറത്തു വരുന്നത്.

മിഡിൽ ഈസ്റ്റ് കോളേജിൻ്റെ ബ്രാഞ്ച് ഷാർജയിൽ തുടങ്ങാനാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ശ്രമിച്ചത്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ സ്പീക്കർ ഷാർജ ഭരണാധികാരിയുമായി തിരുവനന്തപുരം ലീലാ പാലസ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി. ഒമാൻ മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്ന സൂചനയും സ്വപ്നമൊഴിയിൽ നൽകുന്നുണ്ട്. യുഎഇയിൽ പലയിടത്തും കോളേജിൻ്റെ ബ്രാഞ്ചുകൾ തുടങ്ങാൻ സ്പീക്കർ ശ്രമിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇഡി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സ്വപ്നയുടെ മൊഴിയുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ നിർബന്ധിച്ചെന്ന പേരിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് എൻഫോഴ്സ്മെൻ്റ് കോടതിയിൽ ആവശ്യപ്പെട്ടു. കേസെടുത്തതിലെ ഗൂഢാലോചന പുറത്തു വരാൻ കേസ് സിബിഐക്ക് കൈമാറണം. കേസ് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച രേഖകൾ വിളിച്ചു വരുത്തണമെന്നും ഹർജിയിലുണ്ട്. സ്വർണക്കടത്ത് കേസ് രാഷ്ട്രീയ ഉന്നതരിലേക്ക് എത്തുമ്പോഴുള്ള സർക്കാരിൻ്റെ പ്രതിരോധ നീക്കങ്ങളെ അതിവ ഗൗരവത്തിലാണ് ഇഡി കാണുന്നത്

Related Articles

Back to top button