KeralaLatest

മാസ് വാക്‌സീനേഷന് തുടക്കമായി

“Manju”

തിരുവനന്തപുരം: ചെറിയ ഇടവേളക്ക് ശേഷം കൊവിഡ് കേസ് കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്ത് മാസ് വാക്‌സിനേഷന് തുടക്കമായി. ഒരു മാസത്തിനിടെ പരമാവധി പേരെ വാക്സീന്‍ എടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിന് ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.
“ക്രഷിംഗ് ദി കര്‍വ്’ കര്‍മ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനവ്യാപകമായി മെഗാ വാക്‌സീനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ മെഗാ വാക്‌സീന്‍ ക്യാമ്പുകള്‍ക്ക് വിവിധയിടങ്ങളില്‍ തുടക്കമായി. എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനാണ് ശ്രമമെങ്കിലും വാക്‌സീന്‍ സ്റ്റോക്കിലെ കുറവ് ആശങ്കയായി തുടരുകയാണ്. ഇന്നലത്തെ മാസ് വാക്‌സീനേഷന് മുമ്ബ് 64,850 ഡോസ് കൊവാക്‌സീനും 9,37,290 ഡോസ് കൊവിഷീല്‍ഡുമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. നിലവില്‍ 47,59,883 പേരാണ് ഇതുവരെ കേരളത്തില്‍ വാക്‌സീന്‍ സ്വീകരിച്ചത്.
സീറോ സര്‍വയലന്‍സ് പഠനമനുസരിച്ച്‌ സംസ്ഥാനത്ത് നിലവില്‍ 89 ശതമാനം പേര്‍ക്കും ഇതുവരെ കൊവിഡ് വന്നിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം കുത്തനെ കേസ് കൂടുന്ന പുതിയ സാഹചര്യം ആശങ്കാജനകമാണ്. നിയന്ത്രണങ്ങള്‍ കൈവിട്ട തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരിലേക്കും രോഗമെത്താനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് 45ന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സീന്‍ ഉറപ്പാക്കാനുള്ള മാസ് വാക്‌സീനേഷന്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലായി 865 കേന്ദ്രങ്ങളില്‍ നിലവില്‍ വാക്‌സീന്‍ നല്‍കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്ത് ശതമാനത്തിലേക്കുയര്‍ന്ന സാഹചര്യത്തിലാണ് വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. ഇതിനായി വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനക്കായി ഡല്‍ഹിയിലേക്കയച്ചിട്ടുണ്ട്.

Related Articles

Back to top button