KeralaLatestMalappuram

യുഡിഎഫ്‌ സ്ഥാനാര്‍ഥി വിവി പ്രകാശ് അന്തരിച്ചു

“Manju”

മലപ്പുറം: ഡിസിസി അധ്യക്ഷനും നിലമ്പൂരിലെ യുഡിഎഫ്‌ സ്ഥാനാര്‍ഥിയുമായ വി.വി.പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് എടക്കരയിലെ വീട്ടില്‍നിന്ന് എടക്കരയിലുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ സ്മിതയാണു ഭാര്യ. നന്ദന പ്രകാശ്, നിള പ്രകാശ് എന്നിവര്‍ മക്കളാണ്.

കെപിസിസി സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗം എന്നീ നിലകളിലല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എടക്കര പഞ്ചായത്ത് അംഗം, ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എടക്കര സഹകരണ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2011ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. വിവി പ്രകാശിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button