Kerala

ആറന്മുള കണ്ണാടി : കേരളത്തിന്റെ പൈതൃക ബിംബc

“Manju”

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന ഗ്രാമത്തിലാണ് പരമ്പരാഗതമായി ആറന്മുള കണ്ണാടി നിർമിക്കുന്നത്. ഏതാണ്ട് നാലു ശതാബ്ദത്തോളം പഴക്കമുള്ള കരകൗശല മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലോഹ നിർമിതമായ ആറന്മുള കണ്ണാടി. ആറന്മുള കണ്ണാടിയുടെ സവിശേഷതകളും ജനപ്രിയതയും ലോക പ്രശസ്തമാണ്. സ്ഫടികത്തിനു പകരം പ്രേത്യക ലോഹക്കൂട്ടിലാണ് ആറന്മുള കണ്ണാടി നിർമിക്കുന്നത്.

സാധാരണ സ്ഫടിക കണ്ണാടികൾ പിൻ പ്രതലമാണ് പ്രതിഫലിക്കുക. എന്നാൽ ആറന്മുള കണ്ണാടി മുൻ പ്രതലമാണ് പ്രതിഫലിക്കുക എന്നത് പ്രധാന പ്രേത്യകതയാണ്. പൗരാണിക രീതിയിൽ ലോഹ കണ്ണാടി ഇന്നും നിർമിക്കുന്നത് ആറന്മുളയിൽ മാത്രമാണ്. ആറന്മുള കണ്ണാടിയുടെ നിർമാണം ഏതാനും വിശ്വ കർമ്മ തറവാടുകളുടെ അവകാശമായാണ് കാണാക്കപ്പെടുന്നത്. വളരെ സങ്കീർണമായ രീതിയിലാണ് ഇതിന്റെ നിർമാണം. ചെമ്പും വെളുത്തീയവും ഒരു പ്രേത്യക അനുപാതത്തിൽ ചേർത്തുണ്ടാക്കുന്ന കൂട്ടുലോഹം മണൽ കലരാത്ത പുഞ്ച മണ്ണും മേച്ചിൽ ഓടും പഴയ ചന ചാക്കും ചേർത്ത് ഉരുക്കിയൊഴിയിച്ചു ലോഹ ഫലകം ഉണ്ടാകുന്നു. ലോഹ ഫലകം ചാക്ക് കൊണ്ടുള്ള പ്രതലത്തിൽ എണ്ണപുരട്ടി ഉരച്ചു മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ മൃദുലമായ തുണി ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇതിന്റെ ഒരു വശം മിനുസപ്പെടുത്തി എടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കണ്ണാടി രൂപപ്പെടുത്തുന്ന ലോഹ കൂട്ടിന്റെ അനുപാതം ഇന്നും ഇവർ രഹസ്യമായി സൂക്ഷിക്കുന്നു. ആറന്മുള പുഞ്ചയിലെ ചെളിയില്ലാതെ ആറന്മുള കണ്ണാടി നിർമിക്കാൻ സാധിക്കില്ല. ആറന്മുള കണ്ണാടിയിൽ വിംഭ്രഷണം ഇല്ലാത്ത യഥാർത്ഥ രൂപമാണ് പ്രതിഫലിക്കുക.

ഈ ലോഹ കണ്ണാടിയുടെ ഉത്ഭവവുമായി നിരവധി കഥകൾ നിലവിലുണ്ട്. ഏതാനും ശതാബ്ദങ്ങൾക്കു മുൻപ് ആറന്മുള ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തങ്ങൾക്ക് തമിഴ് നാട്ടിലെ ശങ്കരൻ കോവിലിൽ നിന്ന് വന്ന വിശ്വ കർമ്മ കുടുംബമാണ് പിന്നീട് ആറന്മുള കണ്ണാടി നിർമാണത്തിൽ സജീവമായതു. നിർമാണ പ്രവർത്തങ്ങൾക്ക് വന്ന ഇവർ പിന്നീട് ആറന്മുള കണ്ണാടി ഉണ്ടാകുന്ന പ്രേത്യക ലോഹക്കൂട്ടു കണ്ടെത്തുകയായിരുന്നു. അന്നത്തെ തിരുവിതാം കൂർ മഹാരാജാവിനു ഉപഹാരമായി ആറന്മുള കണ്ണാടി നിർമിച്ചു നൽകി. ആദ്യ കാലത്തു കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിർമിച്ചിരുന്നത്, പിന്നീട് വൽക്കണ്ണാടിയുടെ രൂപത്തിലും പീഠത്തിലുള്ള ഫ്രെമുകളിലും കണ്ണാടി നിർമ്മിക്കപ്പെട്ടു. അഷ്ട മംഗല്യത്തിൽ ഒന്നായി വാൽക്കണ്ണാടി ഉപയോഗിച്ച് വരുന്നു. വിദേശ വിപണിയിൽ കരകൗശല വസ്തുക്കളിൽ പ്രധാനിയാണ് ആറന്മുള കണ്ണാടി. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ കേരളത്തിൽ നിന്നുള്ള ആറന്മുള കണ്ണാടി സ്ഥാനം പിടിച്ചിട്ടുണ്ട്.

ആറന്മുള കണ്ണാടി വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യമായി കണക്കാക്കുന്നു. ആറന്മുള കണ്ണാടിയിൽ ആദ്യമായി മുഖം നോക്കിയത് പാർവതി ദേവിയാണെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. ആറന്മുള കണ്ണാടിയിൽ തെളിയുന്ന സമൃദ്ധി ദീർഘ ഐശ്വര്യം പ്രധാനം ചെയ്യുന്നു എന്ന് വിശ്വസിച്ചു പോരുന്നു.

Related Articles

Back to top button