IndiaLatest

64,180 കോടിയുടെ പദ്ധതികള്‍ക്ക്‌ കേന്ദ്രാംഗീകാരം

“Manju”

ന്യൂഡല്‍ഹി: 64,180 കോടി രൂപയുടെ ആത്മനിര്‍ഭര്‍ സ്വസ്‌ഥ്‌ ഭാരത്‌ പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പദ്ധതിക്കു കീഴില്‍, തെരഞ്ഞെടുക്കപ്പെട്ട 11 സംസ്‌ഥാനങ്ങളിലെ എല്ലാ ജില്ലകളിലും 3382 ബ്ലോക്കുകളിലുമായി സമഗ്ര പൊതുജനാരോഗ്യ ലബോറട്ടറികള്‍ നിര്‍മിക്കും. നിലവിലുള്ള ദേശീയാരോഗ്യപദ്ധതിക്കു പുറമേയാണിത്‌. 2021-22ലെ ബജറ്റില്‍ ​‍പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ സ്വസ്‌ഥ്‌ ഭാരത്‌ പദ്ധതി ആറുവര്‍ഷംകൊണ്ട്‌ (2025-26 വരെ) പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്നു കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്‌തമാക്കി.

അതീവശ്രദ്ധ പതിപ്പിക്കുന്ന (ഹൈ ഫോക്കസ്‌) 10 സംസ്‌ഥാനങ്ങളില്‍ 17,788 ഗ്രാമീണാരോഗ്യ-കുടുംബക്ഷേമകേന്ദ്രങ്ങള്‍ക്കു സഹായം. എല്ലാ സംസ്‌ഥാനങ്ങളിലുമായി 11,024 നഗരാരോഗ്യ-ക്ഷേമകേന്ദ്രങ്ങള്‍. 602 ജില്ലകളിലും 12 കേന്ദ്രസ്‌ഥാപനങ്ങളിലും അത്യാഹിതവിഭാഗത്തോടുകൂടിയ ആശുപത്രി ബ്ലോക്കുകള്‍. അഞ്ച്‌ പ്രാദേശികശാഖകളും 20 മെട്രോപോളിറ്റന്‍ ആേരാഗ്യനിരീക്ഷണ യൂണിറ്റുകളും ഉള്‍പ്പെടെ, ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണകേന്ദ്രം ശക്‌തിപ്പെടുത്തും.

എല്ലാ പൊതുജനാരോഗ്യ ലാബുകളെയും ബന്ധിപ്പിക്കുന്ന സമഗ്ര ആരോഗ്യവിവര പോര്‍ട്ടല്‍ മുഴുവന്‍ സംസ്‌ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. പ്രവേശനകവാടങ്ങളായ 32 വിമാനത്താവളങ്ങള്‍, 11 തുറമുഖങ്ങള്‍, ഏഴ്‌ ലാന്‍ഡ്‌ ക്രോസിങ്ങുകള്‍ എന്നിവിടങ്ങളില്‍ 17 പുതിയ പൊതുജനാരോഗ്യ യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്‌ജമാക്കും. ഇവിടങ്ങളില്‍ നിലവിലുള്ള 33 യൂണിറ്റുകള്‍ ശക്‌തിപ്പെടുത്തും.

15 അടിയന്തര ശസ്‌ത്രക്രിയാകേന്ദ്രങ്ങളും സഞ്ചരിക്കുന്ന രണ്ട്‌ ആശുപ്രതികളും സജ്‌ജമാക്കും. ലോകാരോഗ്യസംഘടനയുടെ ദക്ഷിണേഷ്യന്‍ മേഖലാ ഗവേഷണകേന്ദ്രത്തിന്റെ ഭാഗമായി വണ്‍ ഹെല്‍ത്ത്‌ ദേശീയകേന്ദ്രവും ഒന്‍പത്‌ ബയോസേഫ്‌റ്റി ലെവല്‍-3 ലാബുകളും ദേശീയ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ നാല്‌ മേഖലാകേന്ദ്രങ്ങളും ആരംഭിക്കും. ടെലികോം, ഓട്ടോമൊബൈല്‍, ആരോഗ്യമേഖലകളില്‍ പ്രത്യേക പാക്കേജുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണു കേന്ദ്രമന്ത്രിസഭാതീരുമാനം. വോഡഫോണ്‍-ഐഡിയയുടെ ബാധ്യതകളില്‍ ഇളവ്‌ നല്‍കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ടാണു ടെലികോം മേഖലയിലെ പാക്കേജ്‌. കുടിശികകള്‍ക്കു മൊറട്ടോറിയം, എ.ജി.ആര്‍. പുനര്‍നിര്‍വചനം, സ്‌പെക്‌ട്രം ഉപയോഗ ഫീസില്‍ ഇളവ്‌ എന്നിവ പാക്കേജിന്റെ ഭാഗമാെണന്നാണു സൂചന. പ്രധാനമായും വോഡഫോണ്‍-ഐഡിയയെ സഹായിക്കാനുള്ള പദ്ധതികളാകും കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്‌ണവ്‌ പ്രഖ്യാപിക്കുക.

ആഭ്യന്തര വാഹനനിര്‍മാണമേഖലയെ സഹായിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുമുള്ള പാക്കേജിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇതിന്റെ ഭാഗമായി ഉത്‌പാദനസംബന്ധമായ ഇന്‍സെന്റീവ്‌ 25,938 കോടി രൂപയായി പുനര്‍നിശ്‌ചയിക്കും. കഴിഞ്ഞവര്‍ഷം ഓട്ടോമൊബൈല്‍ മേഖലയ്‌ക്കായി, അഞ്ചുവര്‍ഷത്തേക്ക്‌ 57,043 കോടി രൂപയാണു പ്രഖ്യാപിച്ചിരുന്നത്‌. ഇലക്‌ട്രിക്‌-ഹൈഡ്രജന്‍ ഇന്ധന വാഹനങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കാനാണു കേന്ദ്രതീരുമാനം

Related Articles

Check Also
Close
Back to top button