KeralaLatestMalappuram

മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു

“Manju”

മലപ്പുറം: മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്തെ ഒരു ജില്ലയിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇല്ലാതായി. ഇളവുകളോടെയാണ് മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചത്. ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 5 മണി വരെ പ്രവര്‍ത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക്ഡൗണ്‍ ജില്ലയില്‍ കര്‍ശനമായിതന്നെ തുടരും. അന്തര്‍ജില്ലാ യാത്രകള്‍ പാസോടുകൂടി അനുവദിക്കും. മരണാനന്തര ചടങ്ങുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ ഉള്‍പ്പെടെ യാതൊരു പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ഉണ്ടാകില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഹോം ഡെലിവറിയോട് കൂടി ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ വലിയ രീതിയില്‍ ഗുണം ചെയ്യുന്നുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയെങ്കിലും ജില്ലയില്‍ വരും ദിവസങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയേക്കുമെന്ന് അനൗദ്യോഗിക വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വൈകീട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും. ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ പൊതു അഭിപ്രായം.

കോവിഡ് രണ്ടാം വ്യാപനത്തിന്റെ സാഹചര്യത്തില്‍ മേയ് എട്ടിനു രാവിലെ ആറു മുതല്‍ ഒന്‍പതു ദിവസത്തെ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് 30 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ അടുത്ത ആഴ്ച പിന്നിടുകയാണെങ്കില്‍ മൊത്തം കാലയളവ് ഒരു മാസം പൂര്‍ത്തിയാകും.

Related Articles

Back to top button