KeralaLatestPalakkad

ഖസാക്കിന്റെ മണ്ണില്‍ 
എഴുത്തു​ഗ്രാമം ഒരുങ്ങുന്നു; 8 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാകും

“Manju”

പാലക്കാട്  : ഖസാക്കിന്റെ മണ്ണില്‍ എഴുത്തുകാരുടെ ഗ്രാമം യാഥാര്‍ഥ്യമാകാന്‍ ഇനി എട്ടുമാസം കൂടി. നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. കോട്ടേജുകളുടെ നിര്‍മാണം പകുതിയായി. തസ്രാക്കിലെ ഒറ്റയടിപ്പാതയുടെയും നെല്‍വയലുകളുടെയും സമീപം ഞാറ്റുപുരയ്ക്കു പിന്നിലാണ് എഴുത്തുഗ്രാമം.
തസ്രാക്കില്‍ ഒരേക്കര്‍ നാലു സെന്റില്‍ അഞ്ചു കോടി ചെലവില്‍ 500 ചതുരശ്ര അടിയിലുള്ള എട്ടു കോട്ടേജാണ് നിര്‍മിക്കുന്നത്. അടുക്കള, വര്‍ക്ക്‌ഏരിയ, കിടപ്പുമുറി, എഴുത്തുമുറികള് എന്നിവയും ഉണ്ടാകും. മരങ്ങള്‍ക്കുമുകളില്‍ രണ്ടുപേര്‍ക്കുവീതം താമസിക്കാവുന്ന അഞ്ച് കുടിലുകളും ഗ്രാമത്തിലുണ്ട്. അടുത്തുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ ഓഫീസ്, റിസപ്ഷന്‍, ഭക്ഷണശാല എന്നിവയൊരുക്കും. മുകളിലത്തെ നിലയില്‍ 50 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററി സംവിധാനവും തുറന്ന സ്റ്റേജ്, പുല്‍ത്തകിടി എന്നിവയുള്‍പ്പെടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുംവിധത്തിലാവും ഗ്രാമം ഒരുങ്ങുക.
2020 നവംബര്‍ നാലിന് നിര്‍മാണമാരംഭിച്ച പദ്ധതി കോവിഡ് പ്രതിസന്ധിയിലും മുടങ്ങിയില്ല. സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഭൂമിയില്‍ സംസ്ഥാന വിനോദസഞ്ചാരവികസനവകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതിയൊരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരുടെ ഗ്രാമമാണിത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റിലെ മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് കൂടി യാഥാര്‍ഥ്യമായാല്‍ വിദേശ സഞ്ചാരികള്‍ക്കും സാഹിത്യ പ്രേമികള്‍ക്കും ഒരു ശൃംഖലയിലൂടെ മലബാറിന്റെ ആത്മാവിനെ തൊട്ടറിയാനാകും. ഇതുവഴി തസ്രാക്ക് ഗ്രാമവും അന്താരാഷ്ട്രതലത്തില് ശ്രദ്ധിക്കപ്പെടും. മലബാറിന്റെ വിനോദസഞ്ചാര ഹബ്ബായി ഈ ഗ്രാമം മാറുകയും ചെയ്യും.

Related Articles

Back to top button