IndiaInternational

പാകിസ്താനിൽ നിന്ന് പലായനം ചെയ്ത ആറ് പേർക്ക് പൗരത്വം നൽകി ഇന്ത്യ

“Manju”

ന്യൂഡൽഹി : പാകിസ്താനിൽ നിന്നും രാജ്യത്തെത്തിയവർക്ക് പൗരത്വം നൽകി ഇന്ത്യ. വർഷങ്ങൾക്ക് മുൻപ് പാകിസ്താനിൽ നിന്നും രാജ്യത്തെത്തിയ ആറ് പേർക്കാണ് ഇന്ത്യൻ പൗരത്വം നൽകിയത്. പാകിസ്താനിലെ ന്യൂനപക്ഷ പീഡനം മൂലമാണ് ഇവർ രാജ്യത്തെത്തിയത് എന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. പൗരത്വ ഭേദഗതി നിയമപ്രകാരമാണ് ഇവർക്ക് ഇന്ത്യൻ പൗരത്വം നൽകിയത്.

പാകിസ്താനിൽ നിന്നും ന്യൂനപക്ഷ പീഡനം സഹിക്കാൻ കഴിയാതെയാണ് ആറ് ഹിന്ദുക്കൾ ഇന്ത്യയിലേയക്ക് പലായനം ചെയ്തത്. തുടർന്ന് വർഷങ്ങളോളം ഇവർ മദ്ധ്യപ്രദേശിൽ താമസിച്ചു. നടപടികൾ എല്ലാം പൂർത്തിയാക്കി ഇവർക്ക് ഇന്ത്യൻ പൗരത്വം നൽകിയതായും നരോത്തം മിശ്ര വ്യക്തമാക്കി. നന്ദലാൽ, അമിത് കുമാർ, അർജുൻ ദാസ് മൻചാന്ദനി, ജയ്‌റാം ദാസ്, നാരായൺ ദാസ്, സൗശല്യ ഭായ് എന്നിവർക്കാണ് ഇന്ത്യൻ പൗരത്വം ലഭിച്ചത്. 1998 നും 2005 നും ഇടയിൽ സിന്ധ് പ്രവിശ്യയിൽ നിന്നും ഇന്ത്യയിലെത്തിയതാണ് ഇവരെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് പൗരത്വം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആറ് പേരും. 31 വർഷമായി ഏത് രാജ്യത്തെ പൗരനാണെന്ന് അറിയാതെ ജീവിക്കുകയായിരുന്നു താനെന്നും ഇന്ത്യൻ പൗരത്വം നൽകിയതിൽ സന്തോഷമുണ്ടെന്നും അർജുൻ ദാസ് മൻചാന്ദനി പറഞ്ഞു.

അയൽ രാജ്യങ്ങളായ പാകിസ്താൻ അഫ്ഗാനിസ്താൻ ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും രാജ്യത്തെത്തുന്ന ന്യൂനപക്ഷ സമുദായക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള നിയമം 2019 ഡിസംബറിലാണ് പാസാക്കിയത്. അയൽ രാജ്യങ്ങളിലെ ഹിന്ദു, ക്രസ്ത്യൻ, സിഖ്, ബുദ്ധമതം, ജൈനമതം,പാർസി എന്നീ സമുദായങ്ങളിൽ പെട്ടവർക്കാണ് ഇന്ത്യയിൽ പൗരത്വം നൽകുക.

Related Articles

Back to top button