IndiaLatest

ജമ്മുവില്‍ തീവ്രവാദി ശൃംഖല തകര്‍ത്ത് സുരക്ഷാസേന

“Manju”

ശ്രീനഗര്‍: ജമ്മുവിലെ അതീവസുരക്ഷയുള്ള ജയിലിനുള്ളില്‍ പാകിസ്താനിലെയും കശ്മീരിലെയും ഭീകരവാദികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശൃംഖല തകര്‍ത്ത് സുരക്ഷാസേന. ജമ്മുവിലെ കോട് ബാല്‍വാല്‍ ജയിലില്‍ സജീവമായിരുന്ന ശൃംഖലയാണ് സേന നശിപ്പിച്ചത് .സി.ഐ.ഡിയുടെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം, പോലീസ്, സി.ആര്‍.പി.എഫ്. എന്നിവര്‍ ചേര്‍ന്ന് ജയിലില്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും അധികൃതര്‍ കണ്ടെടുത്തു.

റെയ്ഡില്‍ 18 മൊബൈല്‍ ഫോണുകള്‍, 13 സിം കാര്‍ഡ്, ചാര്‍ജറുകള്‍, ബ്ലൂ ടൂത്ത് ഉപകരണങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയാണ് ജയില്‍ ബാരക്കുകളില്‍ നടത്തിയ പിടികൂടിയത്. തടവുകാരായ ഭീകരവാദികള്‍, പുറത്തുള്ള ഭീകരസംഘടനാംഗങ്ങളുമായി ബന്ധം പുലര്‍ത്താനും പദ്ധതികള്‍ നടപ്പാക്കാനുമാണ് ഇവ ഉപയോഗിച്ചിരുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. സ്മാര്‍ട്ട് ഫോണുകളും ലഭിച്ചിട്ടുണ്ട്. എന്‍.ഐ.എ. കോടതിയില്‍നിന്ന് അനുമതി വാങ്ങിയതിനു ശേഷമാണ് അന്വേഷണം നടത്തിയതെന്നും ജയില്‍ ഉദ്യോഗസ്ഥരും തിരച്ചിലില്‍ പങ്കെടുത്തതായും അധികൃതര്‍ അറിയിച്ചു.

ജയില്‍ ജീവനക്കാര്‍ ഈ ശൃംഖലയില്‍ ഭാഗമാണോയെന്നും മൊബൈല്‍ ഫോണ്‍ കടത്തിക്കൊണ്ടുവരാന്‍ സഹായിച്ചുവോ എന്ന കാര്യവും അന്വേഷിക്കും. റെയ്ഡിനെ കുറിച്ച്‌ വിവരം ലഭിച്ചതിനു പിന്നാലെ ഭീകരവാദികള്‍ മൊബൈല്‍ ഫോണും മറ്റും ബാരക്കിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്നു. അതിനാല്‍ ഇവ ഭീകര വാദികളില്‍നിന്ന് നേരിട്ടല്ല പിടിച്ചെടുത്തിട്ടുള്ളത്. കുടുംബാംഗങ്ങളെന്ന വ്യാജേന തീവ്രവാദികളെ കാണാനെത്തുന്നവരാണ് മൊബൈല്‍ ഫോണുകള്‍ ജയിലിനുള്ളില്‍ എത്തിച്ചു കൊടുത്തിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം പിടിച്ചെടുത്ത മുഴുവന്‍ ഫോണുകളും ഭീകരവാദികള്‍ ഉപയോഗിച്ചിരുന്നവയല്ലെന്നും വിവരമുണ്ട്.

Related Articles

Back to top button