KeralaLatest

അതിദാരിദ്ര്യത്തിലുള്ള കുടുംബങ്ങളെ കണ്ടെത്താന്‍ സര്‍വേ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ ഉഴറുന്ന കുടുംബങ്ങളെ കണ്ടെത്താന്‍ സംഘടിപ്പിക്കുന്ന വിപുലമായ സര്‍വേ നാലരമാസം കൊണ്ട് പൂര്‍ത്തിയാക്കി പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തില്‍ നിലവിലുള്ള അതി ദരിദ്രകുടുംബങ്ങളെ കണ്ടെത്താനും അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുമുള്ള അതിദാരിദ്ര്യ നിവാരണ യജ്ഞത്തിന് വേണ്ടിയുള്ള മാര്‍ഗരേഖ മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും നോഡല്‍ ഓഫീസറെ മന്ത്രിസഭായോഗം നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
അതി ദാരിദ്ര്യത്തിലുഴറുന്നവരെ കണ്ടെത്താനുള്ള മൈക്രോപ്ലാന്‍ സര്‍ക്കാര്‍ തയാറാക്കി കഴിഞ്ഞു. പൈലറ്റ് സര്‍വേ നടത്തി പിഴവുകള്‍ പരിഹരിച്ചാണ് വിപുലമായ സര്‍വേയിലേക്ക് സര്‍ക്കാര്‍ പോവുക. പങ്കാളിത്ത രീതിയില്‍ ഉപഭോക്താക്കളെ കണ്ടെത്തും. സംസ്ഥാനതലത്തില്‍ സര്‍വേ എകോപിപ്പിക്കാനും പദ്ധതി ക്ഷമത മോണിറ്റര്‍ ചെയ്യുന്നതിനും നോഡല്‍ ഓഫീസര്‍ നേതൃത്വം നല്‍കുന്ന സമിതി ഉണ്ടാവും. തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡുതലത്തിലും ഏകോപന സമിതികള്‍ ഉണ്ടാവും. സര്‍വേയുടെ നടത്തിപ്പിന് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും മൊബൈല്‍ ആപ്പും ഉപയോഗിക്കും.
ഓരോ പ്രദേശത്തെയും അതി ദാരിദ്ര്യ വിഭാഗത്തിലുള്ളവരെ അതാത് ഗ്രാമ, വാര്‍ഡ് സഭകള്‍ അംഗീകരിച്ച്‌ ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയെന്ന് മന്ത്രി വിശദീകരിച്ചു. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, അതിജീവനത്തിനുള്ള വരുമാനം തുടങ്ങിയ ഘടകങ്ങളിലൂന്നിയുള്ള മാനദണ്ഡങ്ങളിലൂടെയാവും കുടുംബങ്ങളെ തിട്ടപ്പെടുത്തുക. പട്ടികജാതി-പട്ടിവര്‍ഗ, മത്സ്യ തൊഴിലാളി, നഗര പ്രദേശങ്ങളിലെ ദരിദ്രര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന സര്‍വേയിലുണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി.പ
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട നിലവിലുള്ള സ്‌കീമുകളും പുതുതായി ആവശ്യമുള്ള സ്‌കീമുകളുമൊക്കെ സംയോജിപ്പിച്ച്‌ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ കുതിക്കുമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ഉറപ്പുവരുത്തും. അഞ്ചുവര്‍ഷം കൊണ്ട് ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്നും ഇവരെ പൂര്‍ണ്ണമായി മോചിപ്പിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത് ജനപക്ഷ ബദല്‍ വികസനത്തിന്റെ മറ്റൊരു മുന്നേറ്റമാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Related Articles

Back to top button