LatestThiruvananthapuram

ശാന്തിഗിരി ന്യൂസ് ഇംപാക്ട് : അനാമികയുടെ വീട് യാഥാര്‍ഥ്യമായി.

“Manju”

വി.ബി. നന്ദകുമാർ

വെമ്പായം: തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തില്‍ വേറ്റിനാട്ട് രണ്ടുസെന്റ് പുരയിടത്തില്‍ ഒരു മനോഹര ഭവനം. ഇതെല്ലാം മകള്‍ അനാമികയുടെ ഭാഗ്യമാണെന്നാണ് അച്ഛനും അമ്മയും കരുതുന്നതും വിശ്വസിക്കുന്നതും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ കാലവർഷത്തിലായിരുന്നു അനാമികയുടെ വീട് തകര്‍ന്നുവീണത്. വീടെന്നുപറയാന്‍ കഴിയാത്ത ടാര്‍പ്പോളിന്‍കൊണ്ട് കെട്ടിമറച്ച ഷീറ്റുമേഞ്ഞ ഒറ്റമുറികൂര. മഴകുതിര്‍ത്ത രാത്രിയിൽ പുതച്ചുമൂടി കിടന്ന മൂന്നാംക്ലാസുകാരി അനാമികയുടെ മേലിലാണ് മേല്‍ക്കൂര തകര്‍ന്നു വീണത്. പരിക്കില്ലാതെ കഷ്ടിച്ചാണ് അനാമിക അന്നുരക്ഷപ്പെട്ടത്.

വിവരമറിഞ്ഞ് ശാന്തിഗിരിന്യൂസ് ടീം അവിടെയെത്തുകയും, ഓണക്കാലത്ത് അത്തപ്പൂവിടാന്‍പോലും മുറ്റം അവശേഷിക്കാത്ത, വീടില്ലാത്ത അനാമികയുടെ ദൈന്യത പുറത്തുകൊണ്ടുവരികയും ചെയ്തു.  ശാന്തിഗിരിവാര്‍ത്തകണ്ട പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുമനസ്സുകാട്ടി. കോണ്‍ഗ്രസ് വെമ്പായം മണ്ഡലം കമ്മിറ്റി അനാമികയ്‌ക്കൊരു വീടുനിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചു. ഒരുവര്‍ഷത്തിനകം വീടുനിര്‍മ്മിച്ചുനല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് അഡ്വ. തേക്കട അനില്‍കുമാറും കൂടെയുണ്ടായിരുന്ന ആര്‍.ശക്തിധരന്‍നായരും മെമ്പര്‍ സുമയും ബീനാഅജിത്തും മറ്റ് പ്രവര്‍ത്തകരും ചേർന്ന് അന്നു പറഞ്ഞത്.

മൊട്ടമൂട് പുഷ്പാംഗദന്‍, ഷെരീഫ്, ഭുവനേന്ദ്രന്‍നായര്‍, ഉണ്ണി എന്നിവരുടെ നേതൃത്വത്തില്‍ നിശ്ചയദാര്‍ഡ്യവും അര്‍പ്പണതയും ഉറച്ചലക്ഷ്യവും ചേര്‍ന്നപ്പോള്‍ ആ വാഗ്ദാനം നടപ്പിലായി. 2021 ജൂലൈ 15ന് വീടിന്റെ താക്കോല്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അനാമികയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. പിറ്റേന്ന് 16ന് വീടിനു പാലുകാച്ചും നടത്തി.

അടുപ്പില്‍ പാല്‍ തിളച്ച് തൂവുമ്പോള്‍ അനാമികയുടെ മനസ്സില്‍ ആഹ്ലാദം തിളച്ചുമറിയുകയാണ്. സ്വപ്നംപോലും കാണാന്‍ സാധിക്കില്ലായിരുന്ന ഒരു സുദിനത്തിന്റെ സാക്ഷാത്ക്കാര നിര്‍വൃതിയിലാണ് അനാമികയുടെ അമ്മ ശാന്തീകൃഷ്ണ . തലചായ്ക്കാനൊരുവീട്. അത് ഒരു സ്വപ്നംപോലുമായിരുന്നില്ല ഇവര്‍ക്ക്. ഇപ്പോള്‍ സ്വന്തം സൗധം യാഥാര്‍ത്ഥ്യമായിരിക്കുന്നു.

വീടൊരു സ്വപ്നംതന്നെയാണ്. അതും മനസ്സിനിണങ്ങിയ വീട്. ഉണ്ടായിരുന്ന കൂര, നിലംപൊത്തിയപ്പോള്‍ ഒരുഷെഡെങ്കിലും തട്ടികൂട്ടാന്‍ കഴിഞ്ഞെങ്കില്‍ എന്നാണ് ഇവര്‍ പ്രാര്‍ഥിച്ചത്. ഇപ്പോഴിതാ മനസ്സിനിണങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ വീട് സ്വന്തമായിരിക്കുന്നു. ഇതാണ് ഇതുതന്നെയാണ് ഈ കുടുംബത്തിന്റെ സന്തോഷവും. ജന്മനിര്‍വൃതിയും.

Related Articles

Back to top button