KeralaLatest

ഒളിമ്പിക്‌സ് താരങ്ങള്‍ക്കുള്ള പാരിതോഷികം സെപ്തംബര്‍ നാലിന് ‍ കൈമാറും

“Manju”

മലപ്പുറം: ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളി താരം പി.ആര്‍ ശ്രീജേഷ്, ജില്ലയില്‍ നിന്നുള്ള ഒളിമ്പിക്‌സ് താരങ്ങളായ കെ.ടി ഇര്‍ഫാന്‍, എം.പി ജാബിര്‍ എന്നിവര്‍ക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച പാരിതോഷികങ്ങള്‍ സെപ്തംബര്‍ നാലിന് കൈമാറും. ജില്ലാപഞ്ചായത്ത് ഹാളില്‍ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ സ്പീക്കര്‍ എം.ബി.രാജേഷ് പാരിതോഷികങ്ങള്‍ കൈമാറുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഭരണസമിതി യോഗത്തില്‍ അറിയിച്ചു. പി.ആര്‍ ശ്രീജേഷിന് ഒരു ലക്ഷം രൂപയും കെ.ടി ഇര്‍ഫാന്‍, എം.പി ജാബിര്‍ എന്നിവര്‍ക്ക് 50,000 രൂപ വീതവുമാണ് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് നല്‍കുന്നത്.

ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഭരണസമിതി യോഗ യോഗത്തില്‍ വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്തു അംഗീകാരം നല്‍കി. 46 പ്രവൃത്തികളുടെ ടെന്‍ഡറുകള്‍ക്ക് ഭരണസമിതി അംഗീകാരം നല്‍കി. 1921 ല്‍ നടന്ന മലബാര്‍ കലാപത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളെ സ്വാതന്ത്ര്യസമര പോരാളികളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനുളള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ജില്ലാപഞ്ചായത്തംഗം അഡ്വ. പി.വി.മനാഫ്, കോവിഡ് ബാധിച്ച്‌ രക്ഷിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ ആവശ്യമായ ഭേദഗതികള്‍ ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്തംഗം പി.കെ.സി അബ്ദുറഹിമാന്‍ എന്നിവര്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ ഐക്യകണ്‌ഠേന യോഗം അംഗീകരിച്ചു. വിവിധ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷയായി. ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button