International

ഇന്ത്യൻ അതിർത്തിയിൽ രോഗങ്ങളാൽ വലഞ്ഞ് ചൈനീസ് സൈനികർ

“Manju”

 

ബീജിംഗ് : ഇന്ത്യൻ അതിർത്തിയിൽ നിയോഗിക്കപ്പെട്ട സൈനികർ രോഗങ്ങളാൽ വശം കെടുന്നതിൽ പരിഭ്രാന്തരായി ചൈന. പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾ ചൈനീസ് സൈന്യത്തിലെ കമാൻഡർമാരെയുൾപ്പെടെ ബാധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഡിസംബറിനു ശേഷം നാല് കമാൻഡർമാരാണ് ഇന്ത്യൻ അതിർത്തിയിൽ നിയോഗിക്കപ്പെട്ട പടിഞ്ഞാറൻ കമാൻഡിന്റെ ചുമതലയിൽ വന്നത്. ഇതിൽ ഒരാൾ പടിഞ്ഞാറൻ കമാൻഡിന്റെ ചുമതലയിൽ നിന്ന് ഒഴിഞ്ഞതിനു ശേഷം രോഗബാധിതനായി മരിച്ചു. മറ്റൊരാൾ രോഗത്തിന്റെ പിടിയിലായി. ഇപ്പോൾ സെപ്റ്റംബറിൽ വാംഗ് ഹൈജിയാംഗിനെയാണ് പ്രസിഡന്റ് സീ ജിൻപിംഗ് പടിഞ്ഞാറൻ കമാൻഡിന്റെ ചുമതലയിലേക്ക് നിയോഗിച്ചത്.

കഴിഞ്ഞ ഡിസംബറിൽ സാവോ സോംഗി ആയിരുന്നു ഇന്ത്യൻ അതിർത്തി ഉൾപ്പെടുന്ന പടിഞ്ഞാറൻ കമാൻഡിന്റെ കമാൻഡർ. അദ്ദേഹത്തിനു ശേഷം ജനറൽ സാംഗ് സുഡോംഗ് കമാൻഡറായി. സുഡോംഗ് ഏഴുമാസം മാത്രമാണ് കമാൻഡറായത്. തുടർന്ന് കമാൻഡറായ ജനറൽ സി ക്വിലിന് രണ്ടു മാസം മാത്രമേ ആ സ്ഥാനത്ത് തുടരാൻ കഴിഞ്ഞുള്ളു. സി ക്വിലിന്റെ പിൻഗാമിയായാണ് വാംഗ് ഹൈജിയാംഗ് എത്തിയിരിക്കുന്നത്. ഇതിൽ ജനറൽ സാംഗ് സുഡോംഗ് ചുമതലയൊഴിഞ്ഞതിനു ശേഷം രോഗബാധിതനായി ഒക്ടോബർ ഒന്നിന് മരിച്ചു. സു ക്വിലിനും രോഗബാധയാൽ അവശനാണ്.

ആമാശയത്തെയും ഹൃദയത്തേയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളാണ് ചൈനീസ് സൈനികരെ വലയ്‌ക്കുന്നത്. ഇന്ത്യൻ അതിർത്തിയിലെ കഠിനമായ പരിതസ്ഥിതികളിൽ ചൈനീസ് സൈനികർക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പരിതസ്ഥിതികളുമായി താദാത്മ്യം പ്രാപിക്കാൻ വേണ്ട സമയം ചൈന സ്വന്തം സൈനികർക്ക് നൽകുന്നില്ലെന്നാണ് നിരീക്ഷണം. ഇത് ചൈനീസ് സൈനികർക്ക് രോഗം പിടിപെടാൻ കാരണമാകുന്നു. കൊടുമുടിയിലെ കാലാവസ്ഥയും അതി ശൈത്യവും ഓക്സിജന്റെ അഭാവവുമാണ് ചൈനീസ് സൈനികരെ രോഗബാധിതരാക്കുന്നത്. രോഗങ്ങളുടെ പ്രളയമാണ് ചൈനീസ് സൈനികർ നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ. സാധാരണ സൈനികർ മാത്രമല്ല ഉന്നത സ്ഥാനം വഹിക്കുന്നവർക്കും കഠിന രോഗങ്ങൾ ബാധിക്കുന്നുണ്ട്.

അതേസമയം ഏത് കഠിനമായ കാലാവസ്ഥയോടും പൊരുത്തപ്പെടാനുള്ള കരുത്താണ് ഇന്ത്യൻ സൈനികരുടെ പ്രത്യേകത. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സിയാച്ചിൻ യുദ്ധഭൂമിയിൽ വിജയകരമായി പരിശീലനം നേടിയിട്ടുള്ളവരാണ് ഇന്ത്യയുടെ മൗണ്ടൻ ബ്രിഗേഡ്. മാത്രമല്ല ചൈനീസ് അതിർത്തിയിലെ അതിശൈത്യം നിറഞ്ഞ കാലാവസ്ഥയുമായി പരിചയിക്കാൻ പതിനാല് ദിവസമാണ് ഇന്ത്യ സൈനികർക്ക് നൽകുന്നത്.

പതിനാല് ദിവസത്തിൽ ആദ്യ ആറു ദിവസം 9,000 മുതൽ 12,000 അടിവരെ ഉയരമുള്ള പ്രദേശത്താണ് സൈനികർ താമസിക്കുക. ആ സമയത്ത് ചെറിയ പരിശീലനങ്ങൾ മാത്രമാണ് ചെയ്യുക. അടുത്ത നാല് ദിവസം 12,000 അടിമുതൽ 15,000 അടിവരെയുള്ള പ്രദേശത്ത് സൈനികർ ക്യാമ്പ് ചെയ്യും. മലകയറലും ഭാരം താങ്ങിയുള്ള പരിശീലനവും നടത്തും. അടുത്ത നാലുദിവസം 15,000 അടിക്ക് മുകളിലുള്ള പ്രദേശത്തായിരിക്കും ക്യാമ്പ്. കുറച്ചു കൂടി കഠിനമായ പരിശീലനമായിരിക്കും ഈ സമയത്ത് നടത്തുക. ഇങ്ങനെ പരിതസ്ഥിതികളുമായി ഇണങ്ങിയതിന് ശേഷമേ ഇന്ത്യ സൈനികരെ ചൈനീസ് അതിർത്തികളിലെ യുദ്ധ ഭൂമിയിൽ നിയോഗിക്കുകയുള്ളൂ. സിയാച്ചിനിൽ നിയോഗിക്കപ്പെടുന്ന സൈനികർക്ക് 21 ദിവസമാണ് പ്രദേശത്തോടിണങ്ങാൻ നൽകുന്നത്.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ചൈനീസ് സൈനികർ ശ്രമിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുറ്റ പോരാട്ട വീര്യത്തിനു മുന്നിൽ ചൈനയുടെ സൈനികർ അടിയറവ് പറയുകയായിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും അതിർത്തിയിൽ വലിയ സൈനിക വിന്യാസമാണ് നടത്തിയത്. അന്നു മുതൽ തന്നെ ചൈനീസ് സൈനികർ പ്രദേശത്തെ കഠിനമായ കാലാവസ്ഥയോട് പൊരുത്തപ്പെടാനാകാതെ തിരിച്ചു പോകുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

Related Articles

Back to top button