Uncategorized

സീറ്റ് ബെൽറ്റിട്ടില്ല ; ദശരഥ പുത്രന്‍ രാമന് പിഴ

“Manju”

കൊല്ലം: സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ദശരഥ പുത്രന്‍ രാമന് പെറ്റിയടിച്ച്‌ ചടയമംഗലം പോലീസ്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് പിടിയിലായ യാത്രക്കാരനാണ് തെറ്റായ മേല്‍വിലാസം നല്‍കി പോലീസിനെ കുരുക്കിലാക്കിയത്.
ഒക്ടോബര്‍ 12ന് എംസി റോഡിന് സമീപം ഗ്രേഡ് എസ്‌ഐയും സംഘവും വാഹന പരിശോധന നടത്തിയപ്പോഴാണ് സംഭവം. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പോലീസ് വാഹനം തടഞ്ഞു. എന്നാല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസും കാറിലുണ്ടായിരുന്ന യാത്രക്കാരും തമ്മില്‍ തര്‍ക്കമായി.
സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപ പിഴയടക്കാന്‍ പോലീസ് പറഞ്ഞു. കാറിലെ യാത്രക്കാര്‍ പിഴ തുക നല്‍കി. ഈ സമയം അഡ്രസ് പറയാന്‍ പറഞ്ഞപ്പോള്‍ വീണ്ടും തര്‍ക്കമായി. ഒടുവില്‍ പേര് എന്താണെന്ന് ചോദിച്ചപ്പോള്‍ രാമന്‍ എന്നും അച്ഛന്‍്റെ പേര് ദശരഥന്‍ എന്നും സ്ഥലം അയോധ്യ എന്നുമാണ് ഇയാള്‍ പറഞ്ഞത്.
ഈ പേരും വിലാസവും വെച്ച്‌ പോലീസുകാര്‍ രസീത് നല്‍കി. ഈ രസീതും പോലീസുമായി സംസാരിക്കുന്നതിന്‍്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ പോലീസ് പെട്ടു. കാറില്‍ വന്ന യാത്രക്കാര്‍ ആരെന്ന് കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പിഴ തുക വാങ്ങിയെടുക്കുക എന്നത് മാത്രം ലക്ഷ്യം വെച്ചുള്ള പോലീസിന്റെ നിലപാടിന് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Related Articles

Back to top button