KeralaLatest

റീത്ത്​ വെക്കരുത്​, വയലാറിന്റെ പാട്ട്​ കേള്‍പ്പിക്കണം, ദഹിപ്പിക്കണം -പി.ടി തോമസിന്റെ അന്ത്യാഭിലാഷങ്ങള്‍

“Manju”

ആലപ്പുഴ : തന്റെ മരണശേഷം ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായും വ്യക്​തമായും രേഖപ്പെടുത്തിയിട്ടാണ്​ തൃക്കാക്കര എം.എല്‍.എയും കോണ്‍ഗ്രസ്​ നേതാവുമായ പി.ടി തോമസ്​ യാത്രയായത്​.
അസുഖം മൂര്‍ഛിച്ച ഘട്ടത്തില്‍ തന്നെ അന്ത്യാഭിലാഷങ്ങള്‍ എഴുതി സൂക്ഷിക്കാന്‍ അദ്ദേഹം മറന്നില്ല. നവംബര്‍ 22ന്​ അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം അന്ത്യാഭിലാഷങ്ങള്‍ രേഖയാക്കുകയായിരുന്നു. വളരെ വ്യത്യസ്തമാര്‍ന്ന അന്ത്യാഭിലാഷങ്ങളാണ്​ പി.ടി തോമസ്​ പ്രകടിപ്പിച്ചിരിക്കുന്നു. മൃതദേഹം കൊച്ചി രവിപുരം പൊതു ശ്​മശാനത്തില്‍ ദഹിപ്പിക്കണം എന്നും കണ്ണുകള്‍ ദാനം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്​. ആരും തന്നെ മൃതദേഹത്തില്‍ റീത്ത്​ വെക്കരുത്​.
അന്ത്യോപചാര സമയത്ത്​ വയലാറിന്‍റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളില്‍ ഒന്നായ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം…’ എന്ന ഗാനം കേള്‍പിക്കണം. ചിതാഭസ്മത്തില്‍ ഒരു ഭാഗം ഉപ്പുതോട്​ പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം എന്നും പി.ടി തോമസ്​ അന്ത്യാഭിലാഷ പട്ടികയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം തന്നെ ചടങ്ങുകള്‍ നടത്താനാണ്​ ബന്ധുക്കളുടെ ആലോചന.
മൃതദേഹം വെല്ലൂര്‍ സി.എം.സിയില്‍നിന്നും രാത്രി ഇടുക്കി ഉപ്പുതോട്ടിലെ വീട്ടില്‍ എത്തിക്കും. അവിടുന്ന്​ വ്യാഴാഴ്ച രാവിലെ തൊടുപുഴ വഴി കൊച്ചിയിലെത്തിച്ച്‌​ ഡി.സി.സി ഓഫിസിലും എം.എല്‍.എ ഓഫിസിലും പൊതുദര്‍ശനത്തിന്​ വെച്ചതിന്​ ശേഷം വൈകീട്ട്​ നാലരക്ക്​ രവിപുരം പൊതു ശ്​മശാനത്തില്‍ ദഹിപ്പിക്കും.

Related Articles

Back to top button