India

കടം പെരുകി;കള്ളക്കഥയുണ്ടാക്കി ഭാര്യയിൽ നിന്ന് പണം തട്ടാൻ ശ്രമം

“Manju”

ഗുരുഗ്രാം:തട്ടികൊണ്ട് പോയെന്ന് കള്ളക്കഥയുണ്ടാക്കി യുവാവ് നാടകീയരംഗങ്ങൾക്കൊടുവിൽ പോലീസ് പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. തന്നെ തട്ടികൊണ്ടുപോയെന്ന് കള്ളം പറഞ്ഞ് ഭാര്യയിൽ നിന്ന് പണം തട്ടാൻ നോക്കിയ അനൂപ് യാദവ് എന്ന യുവാവാണ് പിടിയിലായത്.

നാട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി വാങ്ങികൂട്ടിയ കടം വീട്ടാൻ കഴിയാതെ വന്നതോടെയാണ് യുവാവ് അറ്റകൈ പ്രയോഗം നടത്തിയത്. മോചനദ്രവ്യമായി ഭാര്യയിൽ നിന്ന് ഇയാൾ രണ്ട് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

ഞായറാഴ്ച രാത്രിയാണ് അനൂപ് യാദവിന്റെ ഭാര്യ പോലീസ് സ്റ്റേഷനിൽ എത്തി ഭർത്താവിനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് പരാതിപ്പെട്ടത്.മോചനദ്രവ്യം ആവശ്യപ്പെട്ട് മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു ഭാര്യ പോലീസിനെ സമീപിച്ചത്.
‘അനൂപ് യാദവ് ഞങ്ങളുടെ കസ്റ്റഡിയിലാണ്. അവനെ ജീവനോടെ വേണമെങ്കിൽ 2 ലക്ഷം രൂപ തരണം’ എന്നായിരുന്നു സന്ദേശം.

എന്നാൽ ഭാര്യ ഈ സന്ദേശവുമായി പോലീസിനെ സമീപിച്ചതോടെ ഭർത്താവിന്റെ കണക്ക് കൂട്ടലുകൾ പിഴച്ചു.പോലീസ് ശക്തമായ നിരീക്ഷണത്തിലൂടെ യുവാവിനെ തിങ്കളാഴ്ച ഡൽഹി-ജയ്പൂർ എക്സ്പ്രസ് വേയിലെ ഐഎംടി ചൗക്കിൽ നിന്ന് പിടികൂടി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് യുവാവ് വെളിപ്പെടുത്തിയത്. താൻ തന്നെയാണ് സന്ദേശം അയച്ചതെന്നും യുവാവ് വെളിപ്പെടുത്തി.

അന്വേഷണത്തിന് ഒടുവിൽ ഇതിന് മുൻപും സമാനമായ രീതിയിൽ തന്നെ തട്ടികൊണ്ടുപോയെന്ന് കാണിച്ച് യുവാവ് ഭാര്യയിൽ നിന്നും പണം തട്ടിയിട്ടുണ്ടെന്ന് തെളിഞ്ഞു.ഗൂഢാലോചന നടത്തി പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതിനും, തെറ്റായ വിവരങ്ങൾ നൽകിയതിനും പ്രതിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Back to top button