KeralaLatest

സർക്കാർ വനിതകൾക്കൊപ്പമെന്ന് മുഖ്യമന്ത്രി

“Manju”

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഉത്സവാന്തരീക്ഷത്തിൽ കൊടിയേറി. കോവിഡ് മങ്ങലേൽപ്പിച്ച മേള പൂർവാധികം ഗാംഭീര്യത്തോടെ വീണ്ടും അരങ്ങേറിയപ്പോൾ പ്രേക്ഷകർ ആരവത്തോടെ വരവേറ്റു. എട്ടു ദിവസം നീളുന്ന ഉത്സവത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ ആണു തിരി തെളിച്ചത്. വനിതകളുടെ അതിജീവനത്തിന്റെ പ്രതീകം കൂടിയായി മേളയുടെ ഉദ്ഘാടനച്ചടങ്ങ് . മുഖ്യമന്ത്രിക്ക് ഒപ്പം തിരി തെളിക്കാൻ എത്തിയ നടി ഭാവനയെ സദസ്സ് കരഘോഷത്തോടെയാണു സ്വീകരിച്ചത്
നിറഞ്ഞ സദസ്സിൽ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും സിനിമയിൽ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വനിതകൾക്കൊപ്പം സർക്കാർ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജീവിക്കുന്ന രക്തസാക്ഷിയാണ് കുർദിഷ് സംവിധായിക ലിസ ചലാൻ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുർക്കിയിൽ ഐഎസ് തീവ്രവാദികൾ നടത്തിയ ബോംബ് ആക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട ലിസ ചലാനെ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം(5 ലക്ഷം രൂപ) നൽകി മുഖ്യമന്ത്രി ആദരിച്ചു.
ഭാവന കേരളത്തിന്റെ റോൾ മോഡൽ ആണെന്നും സിനിമയിലെ എല്ലാ മേഖലകളിലും സ്ത്രീസുരക്ഷ ഉറപ്പാക്കാൻ നിയമം കൊണ്ടു വരുമെന്നും ആധ്യക്ഷ്യം വഹിച്ച മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കാലുകൾ നഷ്ടപ്പെട്ട തന്റെ അവസ്ഥയും തന്റെ രാജ്യത്തെ സാഹചര്യങ്ങളും ലിസ ചലാൻ വിവരിച്ചു. വർഷങ്ങൾ നീണ്ട വേദനയ്ക്കിടെ ഒട്ടേറെ ശസ്ത്രക്രിയകൾക്കു വിധേയയായി. എന്നാൽ ഇപ്പോൾ അങ്ങേയറ്റം ഊർജസ്വലയാണെന്നും ചലാൻ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും മികച്ച ചിത്രങ്ങൾ ഉണ്ടാകുന്നത് ഇപ്പോൾ മലയാളത്തിൽ ആണെന്ന് സംവിധായകൻ അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു. ഫെസ്റ്റിവൽ ഹാൻഡ് ബുക് മന്ത്രി ആന്റണി രാജുവിനു നൽകി മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ബുള്ളറ്റിൻ മന്ത്രി ജി.ആർ.അനിലിൽ നിന്നു മേയർ ആര്യ രാജേന്ദ്രൻ ഏറ്റു വാങ്ങി. ഉദ്ഘാടന ചിത്രത്തിലെ നായികയായ ബംഗ്ലദേശ് നടി അസ്മേരി ഹക്ക്, വി.കെ.പ്രശാന്ത് എംഎൽഎ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ.കരുൺ, സാംസ്കാരിക പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, ബീന പോൾ എന്നിവർ പ്രസംഗിച്ചു.ബംഗ്ലദേശ്, സിംഗപ്പൂർ, ഖത്തർ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’ ആയിരുന്നു ഉദ്ഘാടന ചിത്രം. ലതാ മങ്കേഷ്കർക്ക് ആദരാഞ്ജലി അർപ്പിച്ചു ഗായത്രി അശോകൻ ഗാനങ്ങൾ ആലപിച്ചു

Related Articles

Back to top button