ലാബ് ഇനി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയില്‍ ലാബിന്റെ സേവനം നവംബര്‍ ഒന്ന് മുതല്‍ 24 മണിക്കൂറായി ഉയര്‍ത്തും. ഇതോടെ സമയ പരിധിയില്ലാതെ കോവിഡ് പരിശോധനക്കും സൗകര്യമാകും. ലാബിന്റെ പ്രവര്‍ത്തന സമയം കഴിഞ്ഞും രാത്രിയിലും അത്യാസന്ന നിലയില്‍ ആശുപത്രിയിലെത്തിക്കുന്ന രോഗികളുടെ പരിശോധന ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. നിലവില്‍, ലാബിന്റെ പ്രവര്‍ത്തനം ഉച്ചവരെ മാത്രമാണ്. ഇത് കണക്കിലെടുത്താണ് 24 മണിക്കൂറും പ്രവര്‍ത്തിക്കും വിധം സമയം ക്രമീകരിച്ചത്.
ഇതിനായി കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. കോവിഡ് ബാധയെന്ന് സംശയിച്ച് രാത്രിയില്‍ ആശുപത്രിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ പരിശോധന സൗകര്യങ്ങളുടെ അഭാവത്തില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ട സ്ഥിതിക്കും ഇതോടെ മാറ്റമുണ്ടാകും. ട്രൂനാറ്റ് പരിശോധന ഫലം ലഭിക്കുന്ന മുറക്ക് പിറ്റേന്ന് മാത്രമാണ് ബന്ധുക്കള്‍ക്ക് മൃതദേഹം ലഭിക്കുന്നത്. എക്സ്റേ, ഇ.സി.ജി യൂനിറ്റുകളുടെ പ്രവര്‍ത്തനവും 24 മണിക്കൂറായി വര്‍ധിപ്പിക്കാനും നടപടി സ്വീകരിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.