KeralaLatest

തോമാച്ചന്‍ സാറിന്റെ ലോകത്തേക്കു ഇന്ദു ടീച്ചറും യാത്രയായി

“Manju”

കാഞ്ഞിരപ്പള്ളി: മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം തോമാച്ചന്‍ സാറിന്റെ ലോകത്തേക്കു ഇന്ദു ടീച്ചറും യാത്രയായി.
ആയിരങ്ങള്‍ നിറകണ്ണുകളോടെ താനങ്ങളുടെ പ്രിയ അധ്യാപികയ്ക്കും സഹപ്രവര്‍ത്തകയ്ക്കുമായ ഇന്ദു ജോ‍ര്‍ജിനു യാത്രാമൊഴിയേകി. ജീവിതത്തിലും ജോലിയിലും ഒരുപോലെ മാതൃകയായിരുന്നു ഇല്ലിക്കമുറിയില്‍ തോമസ് സെബാസ്റ്റ്യനും (തോമാച്ചന്‍) ഭാര്യ കരിപ്പാപ്പറമ്ബില്‍ ഇന്ദുവും. ഇരുവരും 1998ല്‍ കാഞ്ഞിരപ്പള്ളി രൂപതാ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലെ സെന്റ് ഡൊമിനിക്സ് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപകരായി ജോലിയില്‍ പ്രവേശിച്ചു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി സ്കൂളിലെത്തുന്ന ഗണിത ശാസ്ത്ര അധ്യാപകനും ഇംഗ്ലിഷ് അധ്യാപികയും വിദ്യാര്‍ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. സ്നേഹവും സൗഹൃദവും നിറച്ച്‌ പാഠ്യവിഷയങ്ങള്‍ അവതരിപ്പിക്കുന്ന ഇരുവരും വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു പ്രചോദനവും പ്രോത്സഹനവുമേകി. 2001 ഏപ്രില്‍ ‍30നായിരുന്നു ഇവരുടെ വിവാഹം.
പിന്നീട് രൂപതയുടെ കീഴിലെ വിവിധ സ്കൂളുകളില്‍ സേവനം ചെയ്ത തോമസ് എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ‍ പ്രിന്‍സിപ്പലായിരിക്കെ അര്‍ബുദ രോഗത്തെ തുടര്‍ന്ന് 2019 ഏപ്രിലില്‍ 46-ാം വയസ്സില്‍ മരിച്ചു. ഭര്‍ത്താവിന്റെ വേര്‍പാട് മാനസികമായി തളര്‍ത്തിയെങ്കിലും 2പെണ്‍മക്കളുടെ അമ്മയായ ഇവര്‍ സങ്കടം ഉള്ളിലൊതുക്കി ജീവിതം മുന്നോട്ടു നയിക്കാന്‍ ശ്രമിച്ചെങ്കിലും വിധി അനുവദിച്ചില്ല.
എരുമേലി സെന്റ് തോമസ് സ്കൂളില്‍ അധ്യാപികയായിരിക്കെ 2020 ഫെബ്രുവരി 17നു ഇന്ദു ടീച്ചര്‍ വീട്ടില്‍ തലചുറ്റി വീണു. തലച്ചോറിലെ രക്തക്കുഴലിനു വീക്കമുണ്ടായി പൊട്ടിയതായിരുന്നു കാരണം. 2 ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2 വര്‍ഷമായി അബോധാവസ്ഥയില്‍ ഇടപ്പള്ളിയിലെ സ്വന്തം വീട്ടിലായിരുന്നു. 47ാം വയസ്സില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടന്ന സംസ്കാരച്ചചടങ്ങില്‍ ബന്ധുക്കളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ശിഷ്യരും ഉള്‍പ്പെടെ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Related Articles

Back to top button