Entertainment

രജനികാന്തിന്റെ 2.0 മറികടന്നു; ആർആർആർ ചരിത്ര നേട്ടത്തിലേക്ക്

“Manju”

ഒന്നിനുപുറകെ ഒന്നായി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം ആർആർആർ. ഗംഗുബായ് എന്ന ആലിയ ബട്ട് ചിത്രത്തെ മറികടന്ന ശേഷം ഇപ്പോൾ സൂപ്പർസ്റ്റാർ രജനികാന്ത് റോബോട്ടായി തിളങ്ങിയ 2.0യുടെ ആകെ കളക്ഷനാണ് ആർആർആർ മറികടന്നിരിക്കുന്നത്.

എന്തിരൻ എന്ന ചിട്ടി റോബോട്ട് ചിത്രത്തിന് ശേഷം ശങ്കർ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം 2.0 നേടിയ 800 കോടി കളക്ഷൻ ബോക്‌സ് ഓഫീസിൽ ഇനി പഴങ്കഥയായി. ഇതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് ആർആർആർ.

ജൂനിയർ എൻടിആറും രാം ചരണും ഒന്നിച്ചെത്തുന്ന ആർആർആർ മാർച്ച് 25നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ആർആർആർ നേടിയത് 818.06 കോടി രൂപയാണ്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ദംഗൽ, ബാഹുബലി: ദി കൺക്ലൂഷൻ, ബജ്റംഗി ഭായിജാൻ, സീക്രട്ട് സൂപ്പർസ്റ്റാർ, പികെ എന്നിവയാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടിയിരിക്കുന്നത്. നിലവിൽ ആറാം സ്ഥാനത്താണ് ആർആർആർ.

450 കോടിയിലധികം ബജറ്റിൽ ഡി.വി.വി ദനയ്യ നിർമ്മിച്ച ചിത്രമാണിത്. ഒന്നിലധികം ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ബാഹുബലിക്ക് ശേഷം വരുന്ന രാജമൗലി ചിത്രത്തിനായി അക്ഷമരായി കാത്തിരുന്ന ആരാധകർക്കിടയിലേക്ക് മികച്ച വിഷ്വൽ ട്രീറ്റുമായാണ് ആർആർആറും എത്തിയത്. വൈകാതെ തന്നെ മറ്റ് ബോക്‌സ് ഓഫീസ് ഹിറ്റുകളും ആർആർആർ മറികടക്കുമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button