IndiaKeralaLatest

ഹൈക്കോടതി തടസ്സം നീക്കി, ബെഫിയും ഡെന്നിസും വിവാഹിതരായി

“Manju”

കൊച്ചി: ലോക്ഡൗണ്‍ തടസം ഹൈകോടതി നീക്കിയതോടെ ബെഫിയും ഡെന്നിസും വിവാഹിതരായി. കോവിഡ് കാരണം ഒരു വര്‍ഷത്തോളം നീട്ടിവെയ്ക്കേണ്ടി വന്ന വിവാഹമാണ് വെള്ളിയാഴ്ച അടിയന്തരമായി നടത്താന്‍ അനുവദിച്ചുകൊണ്ട് ഹൈകോടതി ഉത്തരവിട്ടത്.

വെള്ളിയാഴ്ച വിവാഹം നടത്തി അന്നു തന്നെ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ടിഫികെറ്റ് നല്‍കാനും ജസ്റ്റിസ് എന്‍ നഗരേഷ് ആണ് നിര്‍ദേശിച്ചത്. വിസ കാലാവധി തീരുന്നതിനാല്‍ ജൂണ്‍ അഞ്ചിന് വരന് അമേരിക്കയിലേക്ക് മടങ്ങേണ്ടതുള്ളതും പരിഗണിച്ചായിരുന്നു കോടതിയുടെ ഇടപെടല്‍. തുടര്‍ന്നാണ് തൃശൂര്‍ കുട്ടനെല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തി ഇരുവരും വിവാഹിതരായത്.

തൃശൂര്‍ സ്വദേശിനി ബെഫി ജീസണിന്റെയും പൂഞ്ഞാറില്‍ വേരുകളുള്ള അമേരിക്കന്‍ പൗരന്‍ ഡെന്നിസ് ജോസഫ് തോമസിന്റെയും വിവാഹനിശ്ചയം 2019 മേയ് 17-നായിരുന്നു നടന്നത്. കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിന് വിവാഹം നടത്താനും തീരുമാനിച്ചു. ഇതിനിടയിലാണ് കോവിഡും ദേശീയ ലോക്ഡൗണും വന്നത്. തുടര്‍ന്ന് ഈ വര്‍ഷം മേയ് അഞ്ചിന് വിവാഹം നടത്താന്‍ തീരുമാനിച്ചു. ഇതിനായി ഡെന്നിസ് മേയില്‍ കേരളത്തിലെത്തി. അപ്പോഴും കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു.

വിസയുടെ കാലാവധി കഴിയുന്നതിനാല്‍ വിവാഹത്തിനു ശേഷം ജൂണ്‍ അഞ്ചിന് അമേരിക്കയിലേക്ക് മടങ്ങണമായിരുന്നു. 30 ദിവസത്തെ നോടിസ് കാലാവധി പാലിക്കാന്‍ സാധിക്കാത്തതിനാല്‍ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം നടത്താനാകുമായിരുന്നില്ല. അതിനാല്‍ കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം നടത്താന്‍ തീരുമാനിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കി. സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കാത്തത് കണക്കിലെടുത്തായിരുന്നു ഇത്. എന്നാല്‍, ഇതില്‍ നടപടി ഉണ്ടായില്ല.
തുടര്‍ന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്.

കോവിഡ് കാരണമാണ് വിവാഹം നീട്ടിവെയ്ക്കേണ്ടി വന്നതെന്നത് കണക്കിലെടുത്താണ് വെള്ളിയാഴ്ച തന്നെ വിവാഹം നടത്താന്‍ കോടതി നിര്‍ദേശിച്ചത്. വെള്ളിയാഴ്ച ഇരുവരുടെയും വിവാഹം നടത്തി നല്‍കാന്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസറോടാണ് കോടതി നിര്‍ദേശിച്ചത്.

Related Articles

Back to top button