KeralaLatest

ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധിയായി പ്രധാനമന്ത്രിയോട് ചോദ്യവുമായി മേയര്‍

“Manju”

 

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള‌ള ഗ്യാസ് സിലിണ്ടറിന് വില വര്‍ദ്ധിച്ച്‌ ഇന്ന് 1000 രൂപയ്‌ക്ക് മുകളിലെത്തിയിരിക്കുകയാണ്. സിലിണ്ടറിന് 50 രൂപ വര്‍ദ്ധിപ്പിച്ച്‌ ഇപ്പോള്‍ 1006 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള‌ള സിലിണ്ടറിന്റെ വില. ഗ്യാസിന്റേതടക്കം വിലക്കയറ്റത്തെക്കുറിച്ച്‌ ആകുലപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായെത്തുകയാണ് തലസ്ഥാന മേയര്‍ ആര്യാ രാജേന്ദ്രന്‍.

രാവിലെ ഇറങ്ങുന്ന സമയം അമ്മ ഗ്യാസിന്റെ വിലയെക്കുറിച്ച്‌ ആശങ്കപ്പെടുന്നതായും ഇക്കണക്കിന് കല്യാണമാകുമ്ബോഴേക്കും വില 3000 ആകുമെന്നും പറയുന്നതായാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ മേയര്‍ സൂചിപ്പിക്കുന്നത്. കുടുംബത്തിന്റെ സാമ്ബത്തിക ഭദ്രത പാടേ തകര്‍ക്കുന്ന തരത്തില്‍ പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വില ഉയരുന്നതായും തൊഴിലില്ലായ്‌മ വര്‍ദ്ധിക്കുന്നതായും അതിനാല്‍ ഭാവിജീവിതം ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധിയായി വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ് മേയര്‍.

മേയര്‍ ആര്യാ രാജേന്ദ്രന്റെ FB പോസ്‌റ്റ് ചുവടെ:

രാവിലെ പോകാനിറങ്ങിയപ്പോള്‍ അമ്മയുടെ ആശങ്ക
ഡേയ് 1006 രൂപ ആയി ഒരു കുറ്റി ഗ്യാസിന്, ഇക്കണക്കിന് നിന്റെ കല്യാണം ആകുമ്ബോ മൂവായിരം ആകുമല്ലോ മക്കളെ
അച്ഛാ ദിന്‍ വരുന്നതാണ് അമ്മ എന്നും പറഞ്ഞ് തിരക്കിട്ട് കാറില്‍ കയറിയെങ്കിലും അമ്മ പറഞ്ഞതിലെ ആ പ്രശ്‌നം അങ്ങോട്ട് വിടാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഒരു കുടുംബത്തിന്റെ സാമ്ബത്തിക ഭദ്രത പാടെ തകര്‍ന്ന് പോകും വിധമാണ് പാചകവാതകത്തിന്റെയും നിത്യോപയോഗ സാധങ്ങളുടെയും വില കുതിക്കുന്നത്. സാധനവില വര്‍ദ്ധിക്കുന്നത് ഇന്ധവില വര്‍ദ്ധനയുടെ ഉപോല്പന്നമായാണ്. തൊഴിലില്ലായ്മ മുമ്ബത്തേക്കാള്‍ രൂക്ഷമാകുന്നു എന്നാണ് വാര്‍ത്തകള്‍. തൊഴിലിടങ്ങളില്‍ കടുത്ത മത്സരമാണ് ഇപ്പോള്‍. ഒന്നോ രണ്ടോ ഒഴിവുകളിലേക്ക് ആയിരമോ രണ്ടായിരമോ അതിലധികം പേരോ ആണ് അപേക്ഷിക്കുന്നത്. പലരും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയ്ക്കും മുകളില്‍ യോഗ്യതയുള്ളവര്‍. ഒരു പക്ഷെ കേരളത്തിലായത് കൊണ്ട് ഈ ബുദ്ധിമുട്ടുകളുടെ രൂക്ഷത നമ്മളറിയാതെ പോകുന്നതാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല. ഇവിടെ സംസ്ഥാനസര്‍ക്കാര്‍ പലതരത്തില്‍ വിപണിയില്‍ ഉള്‍പ്പെടെ ഇടപെടുന്നത് വിലക്കയറ്റം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സഹായകമാണ്. വിവിധ ക്ഷേമ പദ്ധതികളിലൂടെ ചെറുതെങ്കിലും ഒരു തുക പണമായി ജനങ്ങളില്‍ എത്തിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. എന്തെങ്കിലും ഒരു ജോലിയ്ക്ക് സാധ്യതയുണ്ടാക്കാന്‍ കഴിയുന്ന സമാധാനമുള്ള ഒരു സാമൂഹിക അന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നു. ഇതെല്ലാം നിലനില്‍ക്കെ തന്നെ വിലക്കയറ്റം ഇങ്ങനെ കുതിക്കുമ്ബോള്‍ എത്രനാള്‍ പിടിച്ച്‌ നില്‍ക്കാനാകും നമുക്ക്.
ഉള്ളില്‍ ഒരു ഭയം രൂപപ്പെടുന്നത് എനിക്ക് മനസ്സിലായി. തലസ്ഥാനത്തിന്റെ മേയര്‍ ആയത് കൊണ്ട് ഗ്യാസിന് പ്രത്യേക കിഴിവൊന്നുമില്ലോ. ഡീസലിനും പെട്രോളിനും അതന്നെ അവസ്ഥ. വീട്ടുസാധങ്ങള്‍ക്കും കിഴിവ് കിട്ടില്ല. ഔദ്യോഗിക വാഹനത്തില്‍ നഗരസഭയുടെ ചിലവില്‍ ഇന്ധനം നിറച്ചാലും അതും നമ്മുടെ എല്ലാവരുടെയും പണമല്ലേ.
അയോ മോദിജി അടുക്കള പൂട്ടേണ്ടി വരുമോ എന്ന ആശങ്ക മാത്രമല്ല, ഭാവി ജീവിതം തന്നെ വലിയൊരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധി കൂടിയായി ചോദിക്കുകയാണ്, ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ അങ്ങേയ്ക്ക് കഴിയില്ലേ ?

 

Related Articles

Back to top button