LatestThiruvananthapuram

എല്‍എല്‍ബി പരീക്ഷയ്ക്ക് കോപ്പിയടി; സി.ഐ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

“Manju”

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജില്‍ എല്‍എല്‍ബി പരീക്ഷ എഴുതുന്നതിനിടെ കോപ്പയടിച്ചതിന് നാല് പേരെ സര്‍വ്വകലാശാല സ്‌ക്വാഡ് പിടികൂടി. പോലീസില്‍ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. പൊലീസ് ട്രെയിനിങ് കോളജ് സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍ ആദര്‍ശ് ആണ് പിടിയിലായ പോലീസ് ഉദ്യോഗസ്ഥന്‍. ലോ കോളേജില്‍ ഈവനിംഗ് കോഴ്‌സ് വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.

പിടിയിലായ നാല് പേര്‍ക്കും എതിരെ സര്‍വ്വകലാശാലയുടെ നടപടി ഉണ്ടാകും. ആദര്‍ശിനെതിരെ ഇതിന് പുറമെ വകുപ്പ് തല നടപടിയും ഉണ്ടാകും. പിടിയിലായ മറ്റ് മൂന്ന് പേരുടെ വിവരങ്ങള്‍ സര്‍വ്വകലാശാലയോ കോളേജ് അധികൃതരോ പുറത്ത് വിട്ടിട്ടില്ല. പരീക്ഷ ആരംഭിച്ച്‌ അരമണിക്കൂറിനുള്ളില്‍ തന്നെ നാല് പേരെയും പിടികൂടി. കോപ്പിയടി ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയുന്നതിനായി കോളേജ് അധികൃതര്‍ നിയോഗിച്ച ഇന്‍വിജിലേറ്റര്‍മാര്‍ നില്‍ക്കെയാണ് കോപ്പിയടി നടന്നത്.

കോപ്പിയടിച്ചവരില്‍ നിന്നും ഹാള്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പരീക്ഷാര്‍ത്ഥികളില്‍ നിന്ന് സത്യവാങ്മൂലവും എഴുതിവാങ്ങിയിട്ടുണ്ട്. ആദര്‍ശ് കോപ്പിയടിക്കുന്നതിനായി ഉപയോഗിച്ച ബുക്ക് തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പഠനാവശ്യത്തിനെന്ന പേരില്‍ രണ്ട് മാസമായി ഇയാള്‍ അവധിയിലായിരുന്നുവെന്ന് ട്രെയിനിങ് കോളേജ് അധികൃതര്‍ പറയുന്നു.

 

Related Articles

Back to top button