IndiaLatest

വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തത് പോത്ത്

“Manju”

ഒരു മൃഗം ഉദ്ഘാടകനായി എത്തിയ സംഭവം എവിടെയെങ്കിലും കേട്ടിട്ടുണ്ടാകുമോ. കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍ നിന്നുമാണ് അത്തരമൊരു വാര്‍ത്ത ഇപ്പോള്‍ കേള്‍ക്കുന്നത്. ഇവിടെയുള്ള ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തത് പോത്ത് ആണ്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

ബലെഹോസൂര്‍ ജില്ലയിലെ ഗ്രാമവാസികളാണ് വേറിട്ട ആഘോഷം നടത്തിയത്. നീണ്ട നാളായി ഇവിടെയുള്ള ജനങ്ങളുടെ ആവശ്യമാണ് നല്ലൊരു വിശ്രമകേന്ദ്രം വേണമെന്നത്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടാക്കിയ കെട്ടിടം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തകര്‍ച്ചയുടെ പാതയിലായിരുന്നു. അന്നുമുതലേ ഗ്രാമവാസികള്‍ നിരന്തരം അധികൃതരോട് പുതിയൊരു വിശ്രമകേന്ദ്രം എന്ന ആവശ്യം ഉന്നയിച്ചിരുന്നു.

അടുത്ത കാലത്തായി ആ കെട്ടിടം പൂര്‍ണമായും തകര്‍ന്നു വീണു. അതോടെ,​ മഴക്കാലത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബസ് കാത്ത് നില്‍പ്പ് കൂടുതല്‍ ദുഷ്‌കരമായി. ഓരോ തവണയും ആവശ്യവുമായി ചെല്ലുമ്പോള്‍ നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കുമെങ്കിലും ആരും തിരിഞ്ഞു പോലും നോക്കിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒടുവില്‍ നാട്ടുകാര്‍ തന്നെ ചെറിയ തുക പിരിച്ചെടുക്കുകയും തെങ്ങിന്‍ തടി കൊണ്ട് താല്‍ക്കാലികമായ ഒരു ഷെല്‍ട്ടര്‍ പണിയുകയും ചെയ്തു. എന്നിട്ട് പോത്തിനെ കൊണ്ട് ഷെല്‍ട്ടറിന്റെ ഉദ്ഘാടനവും നടത്തി. അതേസമയം,​ ഇങ്ങനെയൊരു സംഭവത്തെ കുറിച്ചും പരാതിയെ കുറിച്ചും തനിക്ക് അറിയില്ലെന്ന് ഷിരഹട്ടിയിലെ ബിജെപി എം എല്‍ എ രാമപ്പ ലമാനി പറഞ്ഞു.

Related Articles

Back to top button