Entertainment

‘ന്നാ താൻ കേസ് കൊട്’; കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

“Manju”

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. തീർത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. കോടതി മുറിയിലെ വാദപ്രതിവാദങ്ങളാണ് ട്രെയിലറിൽ കാണിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ളതാണ് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രമെന്ന് അടിവരയിടുന്നതാണ് പുറത്തു വന്ന ട്രെയിലർ. കാസർകോടുകാരനായ രാജീവൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുന്നു. കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ ഏറ്റവും വേറിട്ട കഥാപാത്രങ്ങളിലൊന്നാകും രാജീവൻ.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് ‘ന്നാ താൻ കേസ് കൊട്’. ചിത്രത്തിൽ നായികയായി എത്തുന്നത് ഗായത്രി ശങ്കറാണ്. ഇതിന് മുമ്പ് ഇറങ്ങിയ ടീസറിനും വീഡിയോ ​ഗാനത്തിനും വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. 1985ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതർ പാടി’എന്ന പാട്ടിന് ചുവടുവെച്ചുകൊണ്ടുള്ള വീഡിയോ ​ഗാനം വൈറലായിരുന്നു.

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സിനിമ നിർമ്മിക്കുന്നത് സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ്. ഛായാഗ്രഹണം രാകേഷ് ഹരിദാസ് നിർവ്വഹിക്കുന്നു. സംഗീതം ഡോൺ വിൻസന്റ്, ഗാന രചന വൈശാഖ് സുഗുണൻ എന്നിവരാണ്. ഓ​ഗസ്റ്റ് 11 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ജ്യോതിഷ് ശങ്കർ ആണ് പ്രൊഡക്ഷൻ ഡിസൈൻ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന.

Related Articles

Back to top button