IndiaLatest

ടോപ് ഫോറില്‍ ഇന്ത്യ എത്തുമോ?

“Manju”

പതിനേഴാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പതിനൊന്നാം ദിനം എത്തിനില്‍ക്കുമ്പോള്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് മെഡല്‍ പട്ടികയില്‍ ഇന്ത്യ ടോപ് ഫോറില്‍ ഉണ്ടാകുമോ എന്നാണ്. 18 സ്വര്‍ണവുമായി ഇന്ത്യയിപ്പോള്‍ അഞ്ചാം സ്ഥാനത്താണുള്ളത്.

15 വെള്ളിയും 22 വെങ്കലവും ഉള്‍പ്പടെ 55 മെഡലുകള്‍ ഇന്ത്യ ഇതുവരെ സ്വന്തമാക്കി. 19 സ്വര്‍ണം നേടിയ ന്യൂസിലന്‍ഡിനെ കടത്തിവെട്ടി നാലാം സ്ഥാനത്തെത്താന്‍ ഗെയിംസിന്റെ അവസാന ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് അവസരമുണ്ട്. ഒടുവിലത്തെ ദിനം നാല് സ്വര്‍ണമെങ്കിലും ഇന്ത്യ നേടുമെന്നാണ് പ്രതീക്ഷ.

ബാഡ്മിന്റണില്‍ മൂന്നു ഫൈനലുകളാണ് ഇന്ത്യയ്ക്കുള്ളത്. ഗ്ലാമര്‍ പോരാട്ടമായ ഹോക്കി ഫൈനലും ഇന്ന് നടക്കും. ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷയായ പിവി സിന്ധു വനിതാ സിംഗിള്‍സില്‍ ഫൈനല്‍ മത്സരത്തിനിറങ്ങും. ഉച്ചയ്ക്ക് 1.20നാണ് മത്സരം. ഗെയിംസില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയ സിന്ധുവിന് സ്വര്‍ണ നേട്ടത്തോടെ മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

കാനഡയുടെ മിച്ചലെ ലി ആണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. ലോക 13-ാം റാങ്കുകാരിയാണ് ലി. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും ഫൈനലില്‍ ഇറങ്ങും. ഉച്ചയ്ക്ക് 2.10നാണ് മത്സരം. ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളാണുള്ളത്. വെങ്കലത്തിനായി ജി സത്യന്‍ ഇറങ്ങുമ്ബോള്‍ സ്വര്‍ണ മെഡലിനായി ശരത് കമലും കളിക്കളത്തിലിറങ്ങും.

വൈകിട്ട് 4.25നാണ് ശരത് കമലിന്റെ മത്സരം. ഏവരും കാത്തിരിക്കുന്ന ഹോക്കി ഫൈനല്‍ വൈകിട്ട് 5 മണിക്കാണ് ആരംഭിക്കുക. കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഗെയിംസില്‍ മിന്നുന്ന ഫോമില്‍ കളി തുടരുന്ന ഇന്ത്യയ്ക്ക് ഫൈനലിലും അതേ പ്രകടനം ആവര്‍ത്തിക്കാനായാല്‍ സ്വര്‍ണം ഉറപ്പാക്കാം. എന്തായാലും മെഡല്‍ പട്ടികയില്‍ ആദ്യ നാലില്‍ എത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇന്ത്യ.

Related Articles

Back to top button