IndiaLatest

കൊള്ളക്കാരുടെ ജീവിതം ദുഖവും അപമാനവും നിറഞ്ഞതെന്ന് രാജസ്ഥാനിലെ ആദ്യ വനിതാ കൊളളക്കാരി

“Manju”

കൊള്ളക്കാരെന്നു കേട്ടാല്‍ നമ്മുടെ മനസ്സിലാദ്യം ഓടിയെത്തുക ചമ്പല്‍കാടുകളും, ഫൂലാൻ ദേവിയുമാണ്.
80-കളില്‍, ചമ്പല്‍ മലയിടുക്കുകളില്‍ ആ ഒരു പേര് മാത്രമാണ് മുഴങ്ങിക്കേട്ടത്, ഫൂലന്‍ ദേവി. പ്രതികാരത്തിന്റെ അഗ്നിയാണ് ഫൂലന്‍ ദേവിയെ ഏറ്റവും ഭയാനകമായ കൊള്ളക്കാരിയാക്കിയത്.
അതുപോലെ ഒരു പ്രതികാരത്തിന്റെ കഥയാണ് ധോല്‍പൂരിലെ നഗര്‍ ഗ്രാമത്തില്‍ ജനിച്ച കൊമേഷ് ഗുര്‍ജറിനും പറയുവാനുള്ളത് . 14-ആം വയസ്സില്‍ സര്‍പഞ്ചായ തന്റെ പിതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനാണ് മകളായ കോമേഷ് തോക്കേന്തിയത്. 2 കൊലപാതകങ്ങള്‍ നടത്തിയ കൊമേഷിനെതിരെ രണ്ട് വര്‍ഷത്തിനിടെ 18ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കൊമേഷിന്റെ ചെറുപ്പത്തില്‍ തന്നെ പിതാവായ ചിത്താരിയ ഗുര്‍ജാര്‍ കൊല്ലപ്പെട്ടു. ഇതിന് പ്രതികാരം ചെയ്യാന്‍ ആഗ്രഹിച്ച കൊമേഷ് ഇതിനായി ആയുധപരിശീലനം ആരംഭിച്ചു. ഇതിനിടയിലാണ് പോലീസുകാര്‍ പോലും ഭയപ്പെടുന്ന ജഗന്‍ ഗുര്‍ജറുമായി കൊമേഷ് അടുപ്പത്തിലാകുന്നത് . ജഗനാണ് എകെ 47 തോക്ക് നല്‍കിയതും പ്രതികാരം ചെയ്യാന്‍ കൊമേഷിനെ സഹായിച്ചതും. രാജസ്ഥാന്‍, യുപി, എംപി എന്നിവിടങ്ങളിലെ പല പോലീസ് സ്റ്റേഷനുകളിലായി 100 ലധികം കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
കാട്ടില്‍ വച്ച്‌ തന്നെയാണ് ഇരുവരും കുടുംബജീവിതം ആരംഭിച്ചതും . കാട്ടില്‍ ചിലപ്പോള്‍ വെള്ളം പോലും കിട്ടാത്ത അവസ്ഥയായിരുന്നു . പോലീസും പിന്നാലെ തന്നെയുണ്ടായിരുന്നു . മൂന്നുനാലു ദിവസം വിശപ്പും ദാഹവും സഹിച്ച്‌ അവര്‍ കാടുകളില്‍ ഒളിച്ചു കഴിയുമായിരുന്നു.
പ്രസവത്തിനായി കാട്ടില്‍ നിന്ന് ഒറ്റയ്‌ക്ക് കൊമേഷ് ഹിന്ദൗണില്‍ എത്തി . ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജഗനോ , സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കോ കഴിയാത്ത സാഹചര്യത്തിലാണ് കൊമേഷ് ഒറ്റയ്‌ക്ക് ആശുപത്രിയില്‍ എത്തിയത്.
എന്നാല്‍ ഇത്രയേറെ യാതനകള്‍ സഹിച്ച്‌ ജന്മം നല്‍കിയ കുഞ്ഞിന് സംസാരിക്കാനോ കേള്‍ക്കാനോ കഴിയില്ല. വീണ്ടും കാട്ടിലേക്ക് മടങ്ങി . എന്നാല്‍ താന്‍ ഒരിക്കലും പാവപ്പെട്ടവരെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് കൊമേഷ് പറയുന്നു.
15 വര്‍ഷം മുമ്പ് 2008ല്‍ താന്‍ വീണ്ടും ഗര്‍ഭിണിയായപ്പോഴും ജീവിതം മലയിടുക്കിലൂടെയായിരുന്നുവെന്ന് കൊമേഷ് പറഞ്ഞു. ഞങ്ങളെ പോലീസ് വളഞ്ഞു. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു. ഒടുവില്‍ ബുള്ളറ്റ് കൊണ്ട് പരിക്കേറ്റു. ആ അവസ്ഥയിലാണ് പോലീസ് കൊമേഷിനെ പിടികൂടിയത്. .
ആ ഏറ്റുമുട്ടലില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. ആ അറസ്റ്റിനുശേഷം, 2009-ല്‍, കൈമാരി ഗ്രാമത്തിലെ ജഗന്നാഥ് മേളയില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് മുന്നില്‍ ജഗനും കീഴടങ്ങി. ജയില്‍ മോചിതയായ ശേഷം കൊമേഷ് സാധാരണ വീട്ടമ്മയുടെ ജീവിതം നയിക്കാന്‍ തുടങ്ങി.
എന്നാല്‍ പഴയ നിഴല്‍ വിട്ടു പോയില്ല. പലതവണ ജയിലില്‍ പോകേണ്ടി വന്നു.രണ്ടാം തവണ ജയില്‍ മോചിതയായതിന് ശേഷം അഞ്ച് വര്‍ഷം മുമ്പ് മകള്‍ കാജല്‍ ജനിച്ചു. ഇന്ന് പശുവിനെ വളര്‍ത്തിയും , പാല്‍ വിറ്റും, കൃഷി ചെയ്തും മുന്നോട്ട് പോകുകയാണ് കൊമേഷ് .പക്ഷേ തങ്ങളുടെ മേലുള്ള കൊള്ളക്കാര്‍ എന്ന മുദ്ര ഇന്നും അലട്ടുന്നുവെന്ന് കൊമേഷ് പറയുന്നു .
എവിടെയെങ്കിലും എന്തെങ്കിലും സംഭവമുണ്ടായാല്‍ ആദ്യംപോലീസെത്തുക ഇവിടെ ആയിരിക്കും. എനിക്ക് എല്ലാം മറക്കണം, രാജസ്ഥാനിലെ ആദ്യ വനിതാ കൊള്ളക്കാരി ഞാനാണ്, എന്നാല്‍ ഇപ്പോള്‍ എല്ലാം മറക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കൊമേഷ് പറഞ്ഞു. ദു:ഖവും അപമാനവുമല്ലാതെ കൊള്ളക്കാരുടെ ജീവിതത്തില്‍ മറ്റൊന്നുമില്ലെന്നും കൊമേഷ് പറയുന്നു.

Related Articles

Back to top button