Kerala

സംസ്ഥാന പോലീസിന്റെ നിയന്ത്രണം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷന്റെ കൈകളിലേക്ക്

“Manju”

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ നിയന്ത്രണം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷന്റെ കൈകളിലേക്ക്. മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അദ്ധ്യക്ഷനായ നാലംഗ സമിതിക്കാണ് പോലീസിന്റെ ചുമതല. സിഐഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥനും സമിതിയിൽ അംഗമാണ്.

കേന്ദ്രതെരെഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരമാണ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ പോലീസിനെ നിയന്ത്രിക്കാൻ നാലംഗസമിതിക്ക് രൂപം നൽകിയിരിക്കുന്നത്. മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണക്ക് പുറമെ എഡിജിപി മനോജ് എബ്രഹാം, ബറ്റാലിയൻ എഡിജിപി എസ് പദ്മകുമാർ എന്നിവരും സിഐഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥനുമാണ് സമിതി അംഗങ്ങൾ. ക്രമസമാധാനച്ചുമതലയുള്ള പോലീസിൻെറ നിയന്ത്രണം മനോജ് എബ്രഹാമും സായുധസേനയുടെ നിയന്ത്രണം പദ്മകുമാറും നിർവ്വഹിക്കും. കേന്ദ്രസേനയുടെ നിയന്ത്രണത്തിനാണ് സിഐഎസ്എഫിൽ നിന്നും ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് ഇതോടെ പോലീസിൽ നയപരമായ തീരുമാനങ്ങളെടുക്കാൻ കഴിയില്ല. സമിതിയോഗം ചേർന്നാകും ഇനി പോലീസിലെ തീരുമാനങ്ങൾ കൈക്കൊള്ളുക. കേസന്വഷണങ്ങളെയോ പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെയോ ഇത് ബാധിക്കില്ല. പോലീസിനെ സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് തെരെഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ. ഇത്തരത്തിലുള്ള പരാതികൾ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലഭിച്ചാൽ നടപടി സ്വീകരിക്കാനുള്ള അധികാരവും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷനാണ്.

Related Articles

Back to top button