IndiaLatest

ഹവായി ദ്വീപില്‍ നാശംവിതച്ച്‌ കാട്ടുതീ: 36 മരണം

“Manju”

ഹോനലൂലൂ : പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന യു.എസ് സംസ്ഥാനമായ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗഈ ദ്വീപില്‍ അതിശക്തമായ കാട്ടുതീ. 36 പേര്‍ കൊല്ലപ്പെട്ടു. മൗഈ ദ്വീപിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലഹൈന നഗരത്തിലാണ് കാട്ടുതീ നാശംവിതച്ചത്. 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാനില്ല. 270ലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടെന്നാണ് കണക്ക്. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവ താറുമാറായി. 11,000 ലേറെ ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു. റോഡുകള്‍ അടച്ചതോടെ മൗഈ ദ്വീപിലെ പല ഭാഗങ്ങളും ഏറെക്കുറേ ഒറ്റപ്പെട്ടു. മണിക്കൂറില്‍ 85 മൈലിലേറെ വേഗതയിലുള്ള കാറ്റ് കാട്ടുതീയുടെ തീവ്രത കൂട്ടുന്നു. ഹെലികോപ്റ്ററുകള്‍ വഴി വെള്ളം ഒഴിച്ച്‌ തീകെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ചൊവ്വാഴ്ചയാണ് മേഖലയില്‍ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കത്തിനശിച്ചു.
ലഹൈന നഗരത്തില്‍ കാട്ടുതീ ആളിപ്പടര്‍ന്നതോടെ പൊള്ളലേല്‍ക്കാതെ രക്ഷപെടാൻ പലരും കടലിലേക്ക് ചാടിയിരുന്നു. 14 പേരെ കടലില്‍ നിന്ന് രക്ഷപെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ നിരവധി കടകളും കത്തിനശിച്ചു. അതേ സമയം, കാട്ടുതീയുടെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ശക്തമായ ചൂടാകാമെന്നാണ് നിഗമനം.

Related Articles

Back to top button