IndiaLatest

ഡോ. അംബേദ്കറുടെ മെഴുകുപ്രതിമ ജയ്പുര്‍ വാക്സ് മ്യൂസിയത്തില്‍

“Manju”

ജയ്പുര്‍: ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ മെഴുകുപ്രതിമ ജയ്പുര്‍ വാക്സ് മ്യൂസിയത്തില്‍ സ്ഥാപിച്ചു. മഹാപരിനിര്‍വ്വാണ്‍ ദിനം എന്നറിയപ്പെടുന്ന, അംബേദ്കറുടെ ചരമദിനത്തിലാണ് ജയ്പുരിലെ നഹാരഗഡ് കോട്ടയിലുള്ള വാക്സ് മ്യൂസിയത്തില്‍ പ്രതിമ സ്ഥാപിച്ചത്. ‘ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെയും മറ്റു സന്ദര്‍ശകരുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഞങ്ങള്‍ പ്രതിമ സ്ഥാപിച്ചത്.

ഇന്ത്യയിലെ എല്ലാഭാഗത്തുനിന്നും നിരവധി പേരാണ് ഇവിടെയെത്തുന്നത്. അവര്‍ ഈ മ്യൂസിയത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ബാബാ സാഹിബ് അംബേദ്കറുടെ മെഴുകുപ്രതിമ വേണമെന്ന് ആവശ്യപ്പെട്ടു‘, ജയ്പുര്‍ വാക്സ് മ്യൂസിയത്തിന്റെ സ്ഥാപക ഡയറക്ടറായ അനൂപ് ശ്രീവാസ്തവ പറഞ്ഞു.

മുന്‍ രാഷ്ട്രപതി ഡോ. .പി.ജെ. അബ്ദുള്‍ കലാമിന്റെ പ്രതിമയ്ക്കടുത്തായാണ് അംബേദ്കറിന്റെ മെഴുകുപ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. അഞ്ചടി 11 ഇഞ്ച് ഉയരമുള്ള മെഴുകുപ്രതിമയുടെ ഭാരം 38 കിലോഗ്രാമാണ്. നീലക്കോട്ട് ധരിച്ച്‌ കയ്യില്‍ ഇന്ത്യന്‍ ഭരണഘടന പിടിച്ച രീതിയിലുള്ള പ്രതിമയാണ് മ്യൂസിയത്തില്‍ സ്ഥാപിച്ചത്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലത്തുള്ള ആദ്യ വാക്സ് മ്യൂസിയമാണ് ജയ്പുരിലേത്. അംബേദ്കറിന്റേത് ഉള്‍പ്പെടെ 43 പേരുടെ മെഴുകുപ്രതിമകളാണ് ഇവിടെ ഉള്ളത്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ പുരാവസ്തുമ്യൂസിയം വകുപ്പിന്റെ സഹകരണത്തോടെയാണ് വാക്സ് മ്യൂസിയം നിര്‍മ്മിച്ചത്.

Related Articles

Back to top button