ErnakulamKeralaLatest

തൃപ്പൂണിത്തുറ സജീവൻ ആശാൻ ദിവംഗതനായി

“Manju”

തൃപ്പൂണിത്തുറ: പ്രശസ്ത മേള വാദ്യകലാകാരൻ തൃപ്പൂണിത്തുറ സജീവൻ (പി. കെ. സജീവൻ) 63 വയസ്സ് നിര്യാതനായി. ശാന്തിഗിരി ആശ്രമത്തിലും ആശ്രമത്തിന്റെ വിവിധ ബ്രാഞ്ചുകളിലും ആയി 2001 മുതൽ നിരവധി പേരെ പഞ്ചവാദ്യം, ചെണ്ടമേളം കലാരൂപങ്ങൾ അഭ്യസിപ്പിച്ചു. ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സജീവൻ ആശാൻ പഠിപ്പിച്ച വിദ്യാർത്ഥികൾ രണ്ട് തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പഞ്ചവാദ്യം വിഭാഗത്തിൽ സബ് ജില്ലാ തലത്തിലും, ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്.

ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക തുടങ്ങിയ വൈവിദ്യമാർന്ന കേരളീയ വാദ്യങ്ങളിൽ ഒരേപോലെ പ്രാഗൽഭ്യം നേടുകയും വിവിധ മേളങ്ങളും പഞ്ചവാദ്യവും നേതൃത്വം നല്‌കി അവതരിപ്പിച്ചു വരികയും ചെയുന്ന വ്യക്തിയാണ് ശ്രീ തൃപ്പൂണിത്തുറ പി.കെ. സജീവൻ

പൊതുദർശനം തൃപ്പൂണിത്തുറ തെക്കുംഭാഗം പനയ്ക്കൽ തറവാട്ട് വസതിയിൽ. സംസ്കാരം നാളെ(02/01/2024)രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ നടക്കും.

തന്റെ പിതാവും വാദ്യകാലാകാരനുമായ ശ്രീ കൊച്ചപ്പനായിരുന്നു ആദ്യ ഗുരുനാഥൻ പിതാവിന്റെ കൂടെ മേളങ്ങളിൽ പങ്കെടുത്തു അരങ്ങ് പരിചയത്തിലൂടെ ആയിരുന്നു സജീവൻ്റെ തുടക്കം. പിന്നീട് സദനം ദിവാകരമാരാരിൽ നിന്നും മേളങ്ങളും ക്ഷേത്ര ചടങ്ങുകളും അഭ്യസിച്ചു. തുടർന്ന് കലാ ശശിയുടെ കീഴിൽ പഞ്ചവാദ്യവും, കഥകളി മദളവും അഭ്യസിച്ചു.

കലാ. കേശവപൊതുവാൾ, കലാ. അപ്പുകൂട്ടി പൊതുവാൾ, കലാ. കേശവൻ, കലാ. രാധാകൃഷ്ണൻ, തൃപ്പൂണിത്തുറ കൃഷ്ണ‌ദാസ്, തുടങ്ങിയ പ്രഗല്‌ഭരായ കലാകാരന്മാരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള അനുഭവസമ്പത്തും ജന്മസിദ്ധമായ വാസനയും സജീവനെ വിവിധ വാദ്യങ്ങളിൽ ഒരേ പോലെ നൈപുണ്യം നേടാൻ സഹായിച്ചു.

തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ നവതി ആഘോഷളോടനുബന്ധിച്ചും, ശാന്തിഗിരി ആശ്രമം ഡൽഹി ബ്രാഞ്ച്,   വിവിധ ക്ഷേത്രങ്ങള്‍, പുരോഗമന കലാസാഹിത്യ സംഘടനകള്‍, മഹാത്മാ വായനശാല, ദേശാഭിമാനി പ്രതിഭാ സംഗമം, തപസ്യ കലാസാഹിത്യ വേദി, അംബേദ്കർ ഇന്ത്യ സോഷ്യൽ വർക്ക് ചാരിറ്റബൾ സൊസൈറ്റി, തുടങ്ങിയ സംഘടനകള്‍ വിവിധ പുരസ്‌കാരങ്ങൾ നൽകി സജീവനെ ആദരിച്ചിട്ടുണ്ട്. തുതിയൂർ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം മേള കുലപതി പുരസ്ക്‌കാരം നല്‌കി ആദരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭ അത്തച്ചമയത്തിന് തുടർച്ചയായി 40 വർഷം പഞ്ചവാദ്യം അവതരിപ്പിച്ചതിന് അനുമോദിക്കുകയുണ്ടായി. കേരള ക്ഷേത്ര കലാ അക്കാദമി എറണാകുളം ജില്ലയുടെ ഗുരുപൂജ പുരസ്‌കാരത്തിനും സജീവൻ അർഹനായിട്ടുണ്ട്. നിരവധി ക്ഷേത്രങ്ങളുടെയും സംഗീത നാടക അക്കാദമിയുടേയും മേളപഞ്ചവാദ്യ പരിപാടികൾ ഏറ്റെടുത്തു നടത്തിയിരുന്ന സജീവന് ആയിരത്തിൽ അധികം ശിഷ്യസമ്പത്തുണ്ട്. സഹധർമ്മിണി രമ മക്കൾ സഞ്ജനയും രഞ്ജനയും സംഗീത നൃത്ത മേഘലകളിൽ സജീവമാണ്. പ്രസിദ്ധ ചുട്ടി കലാകാരൻ എരൂർ മനോജ് ഒരുമകനാണ്.

Related Articles

Back to top button