IndiaLatest

ഡോ.എൻ.കൊച്ചുപിള്ള അന്തരിച്ചു

അയഡിൻ ചേർന്ന ഉപ്പിന്റെ വ്യാപക ഉപയോഗവും ദേശീയ തലത്തിലുള്ള പ്രചാരണവും തുടങ്ങിയത് ഡോക്ടറുടെ നേതൃത്വത്തിലാണ്

“Manju”
Dr. Kochupillai

ബെംഗളൂരു∙ തൈറോയ്ഡ്, പ്രമേഹ ചികിത്സാ രംഗത്തു രാജ്യാന്തര പ്രശസ്തനും, എയിംസ് (ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) എൻഡോക്രിനോളജി വിഭാഗം മുൻ മേധാവിയുമായ ഡോ.എൻ.കൊച്ചുപിള്ള (85) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് സംസ്ഥാന ബഹുമതികളോടെ ആലപ്പുഴ ഫാക്ടറി വാർഡ് ഹോപ് വില്ലയിൽ നടക്കും.
ഗോയിറ്റർ രോഗത്തിനു കാരണമാകുന്ന അയഡിൻ അപര്യാപ്തത ബുദ്ധിവളർച്ചയെപ്പോലും ഗുരുതരമായി ബാധിക്കുമെന്ന് ഡോ.എൻ. കൊച്ചുപിള്ളയാണ് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് അയഡിൻ ചേർന്ന ഉപ്പിന്റെ വ്യാപക ഉപയോഗവും ദേശീയ തലത്തിലുള്ള പ്രചാരണവും തുടങ്ങിയത്. നേച്ചർ, ലാൻസെറ്റ്, എൻഡോക്രിനോളജി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ 145 ലേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.
മുപ്പതിലധികം രാജ്യാന്തര സെമിനാറുകളിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ‌ഐസിഎംആറിന്റെ പോഷകാഹാര ശാസ്ത്രോപദേശക സമിതി, അമേരിക്കയിലെ ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് എപ്പിഡെമിയോളജി, ലോകാരോഗ്യ സംഘടന, യുണിസെഫ് എന്നിവയുടെ അയഡിൻ ഡെഫിഷ്യൻസി ഡിസോർഡേഴ്സ് ബോർഡ് അംഗം ആയിരുന്നു.
നാഷനൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ പ്രഫസർ ഇമെരിറ്റസ്, എൻഡോക്രിൻ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ്, ബെംഗളൂരു എംഎസ് രാമയ്യ മെഡിക്കൽ കോളജ് ആശുപത്രി മെഡിക്കൽ റിസർച് ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചു. 2003ൽ പത്മശ്രീ ലഭിച്ചു.

ഭാര്യ: ഡറാഡൂൺ സ്വദേശിയായ ഡോ.വിനോദ് കൊച്ചുപിള്ള (റിട്ട.കാൻസർ വിഭാഗം മേധാവി, ന്യൂഡൽഹി എയിംസ്). മക്കൾ: മാലിനി (ആർക്കിടെക്ട്, ഡൽഹി), മൃണാളിനി (നിയമ വിദഗ്ധ, ജർമനി). മരുമകൻ: എന്റിക്കോ.

Related Articles

Back to top button