IndiaLatestUncategorized

വിദേശത്ത് പഠിക്കാനായി തട്ടികൊണ്ടുപോകല്‍ നാടകം;മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 30 ലക്ഷം രൂപ

“Manju”

കോട്ട: മധ്യപ്രദേശില്‍ 21 വയസുകാരി വ്യാജ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി സ്വന്തം മാതാപിതാക്കളോട് 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പൊലീസ്. മകളെ കാണാതായെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് 18ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കയ്യും കാലും കെട്ടിയനിലയിലുള്ള മകളുടെ ചിത്രങ്ങള്‍ അയച്ച് ലഭിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടു പോകല്‍ നാടകം പെണ്‍കുട്ടി ആസൂത്രണം ചെയ്തതായി കണ്ടെത്തിയത്. യുവതിക്കെതിരെ ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്നും തട്ടിക്കൊണ്ടുപോകല്‍ വ്യാജമാണെന്നും കോട്ട പൊലീസ് അറിയിച്ചു.

‘ഇതുവരെയുള്ള അന്വേഷണത്തില്‍, പെണ്‍കുട്ടിക്കെതിരെ ഒരു കുറ്റകൃത്യവും തട്ടിക്കൊണ്ടുപോകലും നടന്നിട്ടില്ലെന്നുമാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ കണ്ടെത്തിയ തെളിവുകളില്‍ നിന്ന് സംഭവം വ്യാജമാണെന്ന് മനസിലാകുന്നത്’, കോട്ട പൊലീസ് സൂപ്രണ്ട് അമൃത ദുഹാന്‍ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി പൊലീസ് ഒരു സംഘത്തെ രൂപീകരിച്ചു. മാതാപിതാക്കള്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് 400 കിലോമീറ്റര്‍ അകലെ ഇന്‍ഡോറില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളില്‍ ഒരാളെ പൊലീസ് പിടിക്കൂടി. പെണ്‍കുട്ടിയും അവളുടെ മറ്റൊരു സുഹൃത്തും വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചു. ഇന്ത്യയില്‍ പഠിക്കാന്‍ കഴിയില്ലെന്നും വിദേശത്ത് പഠിക്കാന്‍ പണം വേണമെന്നും പെണ്‍കുട്ടി പറഞ്ഞതായി സുഹൃത്ത് പൊലീസിനോട് പറഞ്ഞു. ഇതിന്റെ ഭാഗമായിരുന്നു തട്ടിക്കൊണ്ടു പോകല്‍ നാടകമെന്നാണ് തുടര്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്.

Related Articles

Back to top button