IndiaKeralaLatest

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 37,000 കടന്നു; ഇന്ന് പവന് കൂടിയത് 520 രൂപ

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഒരു മാസത്തിനിടെ സ്വര്‍ണ വിലയില്‍ ആയിരം രൂപയുടെയാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. പവന് 520 രൂപ വര്‍ധിച്ച്‌ സ്വര്‍ണം സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചു. 37280 രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് 65 രൂപ വര്‍ധിച്ച്‌ 4,660 രൂപയായി. ഈ മാസം തുടക്കത്തില്‍ 36160 രൂപയായിരുന്നു പവന് വില.

ഈ മാസത്തി‌ന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,160 രൂപയായിരുന്നു. 35,800 രൂപയിലേക്ക് താഴ്ന്നിരുന്നെങ്കിലും വീണ്ടും പുതിയ ഉയരങ്ങളിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന്റെ വില 50,000 രൂപയോടടുത്തു. നാലുശതമാനം വര്‍ധനവോടെ എംസിഎക്‌സില്‍ 49,925 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നതിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.81 ഡോളറിലെത്തിയിട്ടുണ്ട്. ഒന്‍പത് വര്‍ഷത്തെ ഉയര്‍ന്ന നിലവാരമാണ് ഇത്.

കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്നത് അന്താരാഷ്ട്ര വിപണിയെ ബാധിച്ചിട്ടുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കവും സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിരുന്നു. ഇതുമൂലം വിപണിയിലുണ്ടായ അനിശ്ചിതത്വം സ്വര്‍ണ നിക്ഷേപം വര്‍ധിക്കുന്നതിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തുടര്‍ച്ചയായി കുറയുകയാണ്. സാമ്പത്തിക മാന്ദ്യത്തിനൊപ്പം കൊവിഡ് വ്യാപനം കൂടി സ്വര്‍ണ വിപണിയെ ബാധിച്ചുവെന്നാണ് സൂചന. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍- ജൂണ്‍ 2020) മാത്രം ഇറക്കുമതി 94 ശതമാനം കുറഞ്ഞിരുന്നു.

Related Articles

Back to top button