KeralaLatest

വിഴിഞ്ഞത്ത് ഒരു റോഡ്, ജിയോ സെല്‍ കേരളത്തില്‍ ആദ്യം

“Manju”

കോവളം: തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ നിന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള പ്രധാന റോഡിന് വേണ്ടിയുള്ള രണ്ട് പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുവേണ്ടിയുള്ള ആധുനിക ജിയോ സെല്‍ റോഡ് നിര്‍മിക്കുന്നതിന് മന്നോടിയായാണ് പാലം നിര്‍മ്മിക്കുന്നത്. ദേവര്‍കുളം, വലിയകുളം എന്നിവ സംരക്ഷിച്ച്‌ പരിസ്ഥിതിക്ക് ദോഷമല്ലാത്ത കാര്‍ബണ്‍ കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍ ഉപയോഗിച്ചാണ് ജിയോ സെല്ലുകള്‍ നിര്‍മ്മിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ആധുനിക രീതിയില്‍ ഇത്തരം റോഡുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ ജോലികള്‍ മുല്ലൂര്‍ ജംഗ്ഷനില്‍ പുരോഗമിക്കുകയാണ്. ജിയോസെല്‍ ഉപയോഗിച്ച്‌ വയനാട്ടിലെ കിന്‍ഫ്രയിലാണ് മുമ്ബ് തറയുടെ നിര്‍മ്മിതി ചെയ്തിട്ടുള്ളത്.
ജിയോ സെല്‍ റോഡ് നിര്‍മ്മിക്കുന്നത് 1.7 കി.മീറ്റര്‍
റോഡിന് 21.5 മീറ്റര്‍ വീതി, 4 വരി, 2 അടി ഉയരം
ജിയോ സെല്‍ റോഡ് എങ്ങനെ
ഏറ്റവും അടിയില്‍ ജിയോ ടെക്രൈസെല്‍ വിരിച്ച ശേഷം അതിനുമുകളില്‍ അറകളോട് കൂടിയ ജിയോ സെല്‍ സ്ഥാപിക്കും. ഇതിനുമുകളില്‍ മണല്‍ വിരിച്ച്‌ ബലപ്പെടുത്തിയ ശേഷം മെറ്റല്‍ ഉപയോഗിച്ച്‌ അടുത്ത അടുക്കും അതിന് മുകളില്‍ ടാറിംഗുമാണ് രീതി. മണല്‍ ഉപയോഗിക്കുന്നതിനാല്‍ മെറ്റലിന്റെ അളവ് വളരെ കുറയ്ക്കാമെന്നും സാമ്ബത്തിക ലാഭമുണ്ടാകുമെന്നും അധികൃതര്‍ പറയുന്നു.
അടിയില്‍ ജിയോ മാറ്റ് വിരിക്കുന്നതിനാല്‍ വെള്ളം മാത്രം മുകളിലേക്ക് വരും. ഇവിടെ ഉപയോഗിക്കുന്നത് 356 ജി.എസ്.എം ഉള്ള ജിയോ സെല്ലുകളാണ്. റോഡിന് വശത്തെ ഡ്രെയിനേജ് സംവിധാനവും പ്രത്യേക രീതിയിലാണ് നിര്‍മ്മിക്കുന്നത്. ഇളക്കി മാറ്റാന്‍ കഴിയുന്ന സ്ലാബുകള്‍ക്ക് പകരം നിരവധി പൈപ്പുകള്‍ ഘടിപ്പിച്ച കോണ്‍ക്രീറ്റ് നിര്‍മ്മിത ഓടകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഴ പെയ്താല്‍ ഈ പൈപ്പുകളിലൂടെ വെള്ളം ഓടയ്ക്കുള്ളിലേക്ക് ഇറങ്ങും.
ജിയോസെല്‍ റോഡിന്റെ സവിശേഷതകള്‍
ഇത്തരം റോഡുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ കുറവ്, തീപിടിത്തമുണ്ടായാല്‍ മാത്രമേ ജിയോസെല്‍ നശിക്കുകയുള്ളൂ. ചരക്കുവാഹനങ്ങള്‍ കയറിയാലും റോഡിന് കുലുക്കമുണ്ടാകില്ല. റോഡിന്റെ മീഡിയനില്‍ മാന്‍ഹോളുകള്‍ നിര്‍മ്മിക്കും. തുറമുഖത്തേക്കുള്ള 220 കെ.വി വൈദ്യുതി ലൈനുകള്‍ ഈ റോഡിനു അടിയിലൂടെയാണ് കടന്നുപോകുന്നത്. ജെ.വി.ജെ കണ്‍സ്ട്രക്ഷനാണ് നിര്‍മ്മാണച്ചുമതല.

Related Articles

Back to top button