KeralaLatest

ദിവസം 30 എണ്ണം മാത്രം; ലേണേഴ്‌സ് ലൈസന്‍സ് നല്‍കുന്നത് വെട്ടിക്കുറച്ചു

“Manju”

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന്റെ ഭാഗമായി ലേണേഴ്‌സ് ലൈസന്‍സ് നല്‍കുന്നത് വെട്ടിക്കുറച്ചു. ആര്‍ടിഎ ഓഫീസില്‍ നിന്ന് ഇനി ദിവസം 30 ലേണേഴ്‌സ് ലൈസന്‍സ് മാത്രമാണ് അനുവദിക്കുക. നടപടി മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, ലൈസന്‍സിനായി അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണെന്നാണ് അപേക്ഷകര്‍ പറയുന്നത്.

അതിനിടെ മാസങ്ങളായി മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്, ലൈസന്‍സ് വിതരണം അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കും. ആര്‍സി ബുക്ക്, ലൈസന്‍സ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്റിംഗ് നിര്‍ത്തിവച്ചതാണ് വിതരണം മുടങ്ങാന്‍ കാരണമായത്. ലക്ഷക്കണക്കിന് പേരാണ് ആര്‍സി ബുക്കോ ലൈസന്‍സോ കിട്ടാതെ വലഞ്ഞത്. വിതരണത്തിനായി ഇതുവരെ 25,000 രേഖകള്‍ അച്ചടിച്ചു കഴിഞ്ഞതായാണ് വിവരം.

കോടിക്കണക്കിന് രൂപയുടെ കുടിശിക വന്നതിനെ തുടര്‍ന്നാണ് കരാറുകാരന്‍ ആര്‍സി ബുക്ക്, ലൈസന്‍സ് അച്ചടി നിര്‍ത്തിവച്ചത്. കരാറുകാര്‍ക്ക് ഒമ്പത് കോടി നല്‍കാന്‍ ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയതോടെയാണ് പ്രശ്‌നപരിഹാരമായത്. മൂന്ന് ലക്ഷം രേഖകള്‍ അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ചാലുടന്‍ അച്ചടി ആരംഭിക്കുമെന്നും കരാറുകാര്‍ പറഞ്ഞിട്ടുണ്ട്. രേഖകള്‍ ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. പോസ്റ്റല്‍ വഴിയുള്ള വിതരണത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

Related Articles

Back to top button