Sports

ടീം ഇന്ത്യ ലങ്കയിലേക്ക്; പരമ്പര ജൂലൈയിൽ

“Manju”

മുംബൈ: നായകൻ വിരാട് കോഹ് ലി, ഉപനായകൻ രോഹിത് ശർമ്മ, പേസർ ജസ്പ്രീത് ബൂമ്ര വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് അടക്കമുള്ള താരങ്ങളില്ലാതെ ടീം ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിനായി തയ്യാറെടുക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കു ഇടയില്‍ ജൂലൈയിലാകും പരമ്പര നടക്കുകയെന്ന് ബിസിസിഐ അദ്ധ്യക്ഷൻ സൌരവ് ഗാംഗുലി പറഞ്ഞു. വാർത്താ ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20യും അടങ്ങുന്ന പരമ്പരയാവും ശ്രീലങ്കയിൽ ഇന്ത്യ കളിക്കുക. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുള്ള താരങ്ങളൊന്നും ലങ്കയ്ക്കെതിരായ പരമ്പരയിൽ ഉണ്ടാവില്ല. ഏകദിന, ട്വന്റി 20 സ്പെഷ്യലിസ്റ്റുകള്‍ മാത്രം അടങ്ങുന്നതാവും ലങ്കയിലേക്ക് പോകുന്ന ടീമെന്നും ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ഐപിഎല്ലിൽ കഴിവ് തെളിയിച്ച ഒരുപിടി യുവതാരങ്ങൾക്ക് ടീമിൽ അവസരം ലഭിക്കും.

ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ടീം മറ്റ് ഏകദിന മത്സരങ്ങളിലൊന്നും കളിക്കുന്നില്ല. ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലുള്ള ടീം പരിശീലന മത്സരങ്ങളില്‍ മാത്രമാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇന്ത്യക്ക് കളിക്കുന്നതിന് മറ്റ് തടസങ്ങളൊന്നുമില്ലെന്നും ഗാംഗുലി പറഞ്ഞു.

Related Articles

Back to top button