KeralaKottayamLatest

മഴയില്‍ ഉത്പാദനം നിലച്ചു റബര്‍വില ഉയരത്തിലേക്ക്

“Manju”

കോട്ടയം: കനത്ത മഴയില്‍ ടാപ്പിംഗ് നിര്‍ത്തി ഉത്പാദനം നിലച്ച സാഹചര്യത്തില്‍ റബര്‍ ആഭ്യന്തരവില വീണ്ടും ഉയ‌ര്‍ന്നേക്കും. വരുംദിവസങ്ങളില്‍ ഷീറ്റ് വില ആര്‍.എസ്.എസ് നാല് ഗ്രേഡിന് 180 രൂപ വരെ ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതോടെ വിദേശത്തുനിന്നുള്ള റബര്‍ വരവും ഗണ്യമായി കുറഞ്ഞു. തുറമുഖങ്ങളില്‍ ചരക്ക് നീക്കം കുറഞ്ഞതിനാല്‍ വിദേശത്തും വില ഉയര്‍ന്നു നില്‍ക്കുകയാണ്.

കൊവിഡ് മൂന്നാം വ്യാപന ആശങ്ക മുന്‍നിര്‍ത്തി ഗ്ലൗസ് ഉള്‍പ്പെടെ റബര്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണം വീണ്ടും വ‌ര്‍ദ്ധിപ്പിച്ചത് ലാറ്റക്സ് വില കയറാനും കാരണമായി. ഗ്ലൗസ് ഫാക്ടറികള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ ഓര്‍ഡറുണ്ട്. ലാറ്റക്സ് 183 രൂപയ്ക്ക് ശനിയാഴ്ച വ്യാപാരം നടന്നു. വരുംദിവസങ്ങളില്‍ ലാറ്റക്സ് വില 190 വരെ കയറുമെന്നാണ് വിപണി വ‌ൃത്തങ്ങള്‍ പറയുന്നത്. ഊഹക്കച്ചവടക്കാരുടെ ഇടപെടലുകളും വില ഉയര്‍ന്നതിന് കാരണമായിട്ടുണ്ട്. മാസങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് റബര്‍ ഷീറ്റ് വിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഒരു മാസത്തോളം മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന സൂചന.

പ്രളയഭീഷണിയുണ്ടായാല്‍ ഉത്പാദനവും ചരക്ക് നീക്കവും പൂര്‍ണമായി നിലയ്ക്കും. ഓണം മുന്നില്‍ കണ്ട് കര്‍ഷകര്‍ ചരക്ക് വിറ്റഴിക്കുന്നതിനാല്‍ അടുത്തയാഴ്ചയോടെ റബറിന് കടുത്ത ക്ഷാമം മുന്നില്‍ കാണുന്നു. കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തില്‍ ടയര്‍ ഉത്പാദനത്തിലുണ്ടായ ഉണര്‍വ്വും റബ്ബര്‍ വില മെച്ചപ്പെടാന്‍ കാരണമായി.

Related Articles

Back to top button