InternationalLatest

റഷ്യന്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍

“Manju”

റഷ്യന്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍. യുക്രൈനില്‍ റഷ്യന്‍ ആക്രമണം അതിതീവ്രമായ സാഹചര്യത്തിലാണ് റഷ്യന്‍ ബന്ധമുള്ള എല്ലാ കപ്പലുകള്‍ക്കും തങ്ങളുടെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയത് .
സമാനമായ രീതിയില്‍ റഷ്യയ്ക്കെതിരെ മറ്റു രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സ് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

റഷ്യക്കുമേലുള്ള ഉപരോധം ഒട്ടുമിക്ക പാശ്ചാത്യ രാജ്യങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. സര്‍വ്വ മേഖലകളിലേക്കും ഉപരോധം വ്യാപിച്ചുവെന്നതും മറ്റൊരു പ്രത്യേകതയാണ്. അതേസമയം രണ്ടാം ഘട്ട സമാധാന ചര്‍ച്ചയ്ക്ക് മുന്നോടിയായി റഷ്യ ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.

റഷ്യന്‍ വ്യോമസേനയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ നാറ്റോ അംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. പ്രതിരോധ നടപടി മാത്രമാണ് ആഗ്രഹിക്കുന്നതെന്നും നാറ്റോ അംഗങ്ങളെ റഷ്യയുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിടാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

Related Articles

Back to top button