InternationalLatest

പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലിന് അധികാരം കൈമാറി യെമന്‍ പ്രസിഡന്റ്

“Manju”

റിയാദ്: ഹൂതി വിമതരുടെ ആക്രമണത്തില്‍ തകര്‍ന്ന രാജ്യത്തെ നയിക്കുന്നതിനായി തന്റെ അധികാരം പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലിന് കൈമാറി യെമന്‍ പ്രസിഡന്റ് അബ്ദ് റബ്ബു മന്‍സൂര്‍ ഹാദി. സൗദി അറേബ്യ ശതകോടികളുടെ സഹായം പ്രഖ്യാപിക്കുകയും ഹൂതികളുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ പുതിയ നീക്കം. മുന്‍ ആഭ്യന്തര മന്ത്രിയും ഹാദിയുടെ ഉപദേശകനുമായ റഷാദ് അല്‍ അലിമിയുടെ നേതൃത്വത്തില്‍ എട്ട് അംഗങ്ങള്‍ അടങ്ങിയതാണ് പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ഇന്ന് നടന്ന അവസാന ഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പ്രസിഡന്റ് അധികാരം കൈമാറുന്നതായുള്ള പ്രസ്താവന പുറത്തുവന്നത്. പിന്നാലെ യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ ഉന്നമനത്തിനായി മൂന്ന് ബില്യണ്‍ ഡോളര്‍ ( രണ്ട് ലക്ഷത്തിലധികം കോടി രൂപ) ധനസഹായം നല്‍കുമെന്ന് സൗദി അറേബ്യ അറിയിക്കുകയായിരുന്നു. റിയാദില്‍ നിന്നും രണ്ട് ബില്യണ്‍ ഡോളറും യു എ ഇയില്‍ നിന്നും ഒരു ബില്യണ്‍ ഡോളറുമാണ് എത്തുന്നത്.

2014ല്‍ ഹൂതികള്‍ യെമനിന്റെ തലസ്ഥാനമായ സനാ പിടിച്ചട‌ക്കിയതുമുതല്‍ സൗദി അറേബ്യയുടെ സൈനിക പിന്തുണയുള്ള യെമനും ഇറാനിന്റെ പിന്തുണയുള്ള ഹൂതികളും തമ്മില്‍ അധികാര പോരാട്ടം നടക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമാധാന ചര്‍ച്ചകളും യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. എന്നാല്‍ ശത്രുരാജ്യത്ത് ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ലെന്ന് അറിയിച്ചുകൊണ്ട് ഹൂതി വിമതര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല.

Related Articles

Back to top button