KeralaLatest

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

“Manju”

കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു തിരശീല വീഴാനിരിക്കെ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോടും കണ്ണൂരും. 874 പോയിന്റുമായി കോഴിക്കോട് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 868 പോയന്റോടെ കണ്ണൂരും കുതിപ്പ് തുടരുകയാണ്. 859 പോയിന്റോടെ നിലവിലെ ചാമ്പ്യന്‍മാരായ പാലക്കാടാണ് മൂന്നാം സ്ഥാനത്ത്.

തൃശൂർ (854), മലപ്പുറം(823),  എറണാകുളം  (820), കൊല്ലം (794), തിരുവനന്തപുരം (771), ആലപ്പുഴ (759), കാസർകോട്‌ (757),  കോട്ടയം (756), വയനാട്‌ (701), പത്തനംതിട്ട (677), ഇടുക്കി (633), ഇങ്ങനെയാണ് ബാക്കി പോയിന്‍റ് നില.

സ്‌കൂളുകളിൽ പാലക്കാട്‌ ആലത്തൂർ ബിഎസ്‌എസ്‌ ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ (149), വഴുതക്കാട്‌ കാർമൽ ഇഎം ഗേൾസ്‌ ഹയർ സെക്കൻഡറി (132), കണ്ണൂർ സെന്റ്‌ തെരേസാസ്‌ ഗേൾസ്‌ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി (103) എന്നിവരാണ്‌ മുന്നിൽ. ഹൈസ്‌കൂൾ അറബിക്‌ കലോത്സവം പൂർത്തിയായി.

പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂർ ജില്ലകൾ 95 വീതം പോയിന്റുമായി ഒന്നാമതാണ്‌. എറണാകുളം, മലപ്പുറം ജില്ലകളാണ്‌ (93) രണ്ടാമത്‌. സംസ്‌കൃതോത്സവത്തിൽ രണ്ടിനം ബാക്കിനിൽക്കെ കൊല്ലവും എറണാകുളവും 90 പോയിന്റുമായി ഒന്നാമതും തൃശൂരും കോഴിക്കോടും 88 പോയിന്റുമായി രണ്ടാമതുമാണ്‌.

ഇന്ന് 11 വേദികളിലാണ് മത്സരം. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, ആന്റണി രാജു തുടങ്ങിയവര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര മുഖ്യാതിഥിയായി പങ്കെടുക്കും.

Related Articles

Back to top button