KeralaLatest

കോന്നി കരിയാട്ടം ടൂറിസം എക്സ്പോയുടെ കൊടിയേറ്റം നാളെ

“Manju”

പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച്‌ കോന്നിയില്‍ സംഘടിപ്പിക്കുന്ന ടൂറിസം എക്സ്പോ കോന്നി കരിയാട്ടത്തിന്‍റെ കൊടിയേറ്റം നാളെ കോന്നി ഇക്കോ ടൂറിസം സെന്‍ററില്‍ നടക്കും.

20 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെയാണ് കോന്നിയില്‍ കരിയാട്ടം എക്സ്പോ നടക്കുക. സംസ്ഥാന ടൂറിസം-തദ്ദേശ സ്വയംഭരണം-വനം-സിവില്‍ സപ്ലൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് കരിയാട്ടം സംഘടിപ്പിക്കുന്നത്. കെഎസ്‌ആര്‍ടിസി മൈതാനമായിരിക്കും പ്രധാന വേദി. പ്രധാന വേദിയില്‍ പതിനായിരത്തിലധികം പേര്‍ക്ക് ഇരുന്ന് പരിപാടികള്‍ കാണാൻ കഴിയും. ശീതീകരിച്ചതും അല്ലാത്തതുമായ 200 സ്റ്റാളുകള്‍ പ്രദര്‍ശന നഗറിലുണ്ടാകുമെന്നു കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കോന്നിയിലെ ടൂറിസം സാധ്യതകള്‍ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോന്നി കരിയാട്ടം നടത്തുന്നത്. കോന്നിയിലെ എല്ലാ പഞ്ചായത്തിലും രണ്ടുവീതം ഗ്രാമീണ ടൂറിസം പദ്ധതികള്‍ വിപുലീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കാൻ കരിയാട്ടം ടൂറിസം എക്സ്പോയിലൂടെ സാധിക്കും. ഇതിനായി ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ഫോട്ടോകളുടെയും വീഡിയോകളുടെയും പ്രദര്‍ശനം എക്സ്പോയില്‍ നടത്തും.

ഉദ്ഘാടനം 20ന്

20ന് വൈകുന്നേരം അഞ്ചിന് മന്ത്രി എം.ബി. രാജേഷ് കരിയാട്ടം ടൂറിസം എക്സ്പോ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന വിപണനമേള മന്ത്രി സജി ചെറിയാനും കലാസന്ധ്യ മന്ത്രി വീണാ ജോര്‍ജും ഉദ്ഘാടനം ചെയ്യും.

21ന് രാവിലെ 10.30ന് കേരള നോളജ് എക്കോണമി മിഷനും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി തൊഴില്‍മേള സംഘടിപ്പിക്കും. കൂടാതെ പ്രവാസി സംഗമം, ആരോഗ്യ പ്രവര്‍ത്തകസംഗമം, വനാശ്രിത സമൂഹസംഗമം, ജനപ്രതിനിധി സംഗമം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. ദിവസവും വൈകുന്നേരം 6.30ന് കലാപരിപാടികള്‍ ഉണ്ടായിരിക്കും.

വൈവിധ്യം നിറഞ്ഞ വിഭവങ്ങളുമായി വിശാലമായ ഭക്ഷണശാല, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാൻ കഴിയുന്ന അമ്യൂസ്മെന്‍റ് പാര്‍ക്ക് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ റൈഡ്, കുട്ടവഞ്ചി തുഴച്ചില്‍ മത്സരം, തിരുവാതിര, അത്തപ്പൂക്കളം, ചിത്രരചനാ മത്സരങ്ങള്‍ തുടങ്ങിയവയും കരിയാട്ടത്തിന്‍റെ ഭാഗമായി നടക്കും.

സമാപന പരിപാടിയില്‍ കരിയാട്ടം

കരിയാട്ടം എന്ന പുത്തൻ കലാരൂപത്തെ ആദ്യമായി ലോകത്തിന് സംഭാവന ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ഓണക്കാലത്തിനുണ്ട്. സമാപനത്തോടനുബന്ധിച്ച്‌ സെപ്റ്റംബര്‍ മൂന്നിന് കോന്നി മാമ്മൂട് ജംഗ്ഷനില്‍നിന്നു കരിയാട്ടം ആരംഭിക്കും. ആനയെ മുഖ്യ ആകര്‍ഷക കേന്ദ്രമാക്കിയാണ് കരിയാട്ടം എന്ന കലാരൂപം അവതരിപ്പിക്കപ്പെടുക. ആന വേഷധാരികളായ കലാകാരന്മാരായിരിക്കും കരിയാട്ടം അവതരിപ്പിക്കുക. കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരും ഇതോടൊപ്പം അണിനിരക്കും. കരിയാട്ടം എല്ലാ വര്‍ഷവും കോന്നിയിലെ പ്രധാന ആഘോഷമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് എംഎല്‍എ പറഞ്ഞു.

പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സാംസ്കാരിക ഘോഷയാത്രയും നടക്കും. സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ, കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ, ചലച്ചിത്ര താരം ഭാമ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ഹെലികോപ്റ്റര്‍ റൈഡ്, കുട്ട വഞ്ചി തുഴച്ചില്‍ മത്സരം, തിരുവാതിര, അത്തപ്പൂക്കളം, ചിത്രരചനാ മത്സരങ്ങള്‍ തുടങ്ങിയവയും കരിയാട്ടത്തിന്‍റെ ഭാഗമായി നടക്കും.

സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ബിയോജ് എസ്. നായര്‍, കണ്‍വീനര്‍ ജി. ബിനുകുമാര്‍, ട്രഷറര്‍ ജിജോ മോഡി, പബ്ലിസിറ്റി കണ്‍വീനര്‍ സംഗേഷ് ജി. നായര്‍, പ്രോഗ്രാം കണ്‍വീനര്‍ എം. അനീഷ് കുമാര്‍, രാജഷ് ആക്ലേത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button