ArticleLatest

കാടേത്, നാടേത്?

“Manju”

സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

വന്യജീവികളെ കാണാന്‍ വയനാട്ടുകാര്‍ക്ക് ഇന്ന് വന്യജീവി സങ്കേതങ്ങളിലൊന്നും പോകേണ്ടതില്ല. സ്വന്തം വീടുകളില്‍ നിന്നാല്‍ ആനയേയോ കടുവയേയോ പുലിയോയുമൊക്കെ കാണാനാവും. ഇന്ന് ഏത് മൃഗത്തേയും കാണാനാവുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. തിങ്കള്‍ കരടിയാണെങ്കില്‍, ചൊവ്വ പുലി, ബുധനാഴ്ച ആനയാവും. വ്യഴം കടുവ, വെള്ളി കാട്ടുപോത്ത്ഇത് വയനാടിന്റെ മാത്രം കാര്യമല്ല. കേരളത്തിലെ വനാതിര്‍ത്തി പങ്കിടുന്ന പല ജില്ലകളുടെയും സ്ഥിതിയാണ്.

കഴിഞ്ഞ ദിവസമാണ് പന്ത്രരമണിക്കൂളോളം തണ്ണീര്‍ കൊമ്പന്‍ എന്ന കാട്ടുകൊമ്പന്‍ മാനന്തവാടി നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. നഗരത്തില്‍ പരിഭ്രാന്തി പരത്തിയതോടെ അധികൃതര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നു. തണ്ണീര്‍ കൊമ്പന്‍ നഗരത്തില്‍ എത്തുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാനന്തവാടിയിലും പരസര പ്രദേശങ്ങളിലും വിലസി നടന്ന കരടി കാട്ടിലേക്ക് കയറി പോയതിന്റെ ആശ്വാസത്തിലായിരുന്നു നാട്ടുകാര്‍. അതിന് ശേഷം തണ്ണീര്‍കൊമ്പന്റെ വരവുകൂടിയായപ്പോള്‍ ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന അവസ്ഥയിലായി വയനാട്ടുകാര്‍. 15 കിലോമീറ്റര്‍ ചുറ്റളവില്‍ കാടില്ലാത്ത ഗ്രാമങ്ങളിലും നഗരങ്ങളില്‍ പോലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുകയാണ്.

വന്യമൃഗങ്ങളുടെ മുന്നില്‍പെട്ടാല്‍ ഓടി രക്ഷപ്പെടുക മാത്രമാണ് വഴി. വന്യമൃഗങ്ങളുടെ മുന്നില്‍ ജനങ്ങളുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിലാവട്ടെ മനുഷ്യര്‍ പരാജയപ്പെടുകയുമാണ്.

കണക്കുകള്‍

മനുഷ്യമൃഗ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയാണെന്ന വസ്തുത ഭരണാധികാരികള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വനമേഖലയോട് ചേര്‍ന്ന് 120 ഗ്രാമങ്ങളാണുള്ളത്. ഈ ഗ്രാമങ്ങളിലായി 30 ലക്ഷത്തോളം ആളുകളുമുണ്ട്. മൃഗങ്ങള്‍ കാടുവിട്ട് നാട്ടിലിറങ്ങാന്‍ തുടങ്ങിയതോടെ മരണവും പരിക്കും കൃഷിനാശവും കൊണ്ട് ജനം പൊറുതി മുട്ടുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2018 മുതല്‍ 2022 വരെ സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ 105 പേരുടെ ജീവനാണ് പൊലിഞ്ഞത്. കേരളത്തില്‍ കടുവയുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെട്ടതു വയനാട്ടില്‍ മാത്രമാണ്. വയനാട്ടില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒന്‍പത് പേരാണ്. വനം വകുപ്പിന്റെ 2022 ലെ കണക്കുകള്‍ പ്രകാരം വയനാടന്‍ കാടുകളില്‍ 84 കടുവകളും 1920 ആനകളുമാണുള്ളത്.

ഈ കണക്കുകള്‍ നമുക്ക് മുന്നിലുള്ളപ്പോള്‍ നാട്ടിലിറങ്ങുന്ന ആക്രണകാരികളായ വന്യമൃഗങ്ങളെ പിടികൂടിയാല്‍ പോലും അവയെ ഉള്‍ക്കാട്ടിലേക്ക് വിടുക മാത്രമാണ് പതിവ്. അവ വീണ്ടും നട്ടിലേക്കിറങ്ങും.

കാടുകള്‍ ഇല്ലാതാവുമ്പോള്‍

പരിസ്ഥിതി ബോധത്തെ കയ്യൊഴിഞ്ഞുകൊണ്ട് വികസനത്തെ കുറിച്ച് മാത്രമാണ് ഇന്ന് നാം ചിന്തിക്കുന്നത്. കാടു തന്നെ ആവശ്യമില്ല. അതെല്ലാം വെട്ടിത്തെളിച്ച് വികസനം നടക്കണം. മനുഷ്യന്റെ ജീവനും ജീവിതവും മാത്രമാണ് ഇവിടെ പ്രാധാന്യം. അതുകൊണ്ട് തന്നെ കാട്ടുമൃഗങ്ങള്‍ എപ്പോഴും ശത്രുപക്ഷത്തു തന്നെയാവുന്നു. ഭൂമിയിലുള്ളതെല്ലാം മനുഷ്യന്റെ സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണുള്ളതെന്നാണ് പലരുടെയും ധാരണ. വന്യമൃഗങ്ങള്‍ കൂടുന്നത് കൊണ്ടാണ് കാടിറങ്ങി നാട്ടിലേക്കെത്തുന്നതെന്നും ആക്രമകാരികളാവുന്നതെന്നും പ്രചരിപ്പിക്കുന്നു. വാസ്തവത്തില്‍ അങ്ങനെയാണോ? അവരുടെ ആവാസ വ്യവസ്ഥ അനുദിനം തകരുന്നത് കൊണ്ടല്ലേ ഇവ കാടിനുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്നത്. അത് എന്താണ് ആരും തിരിച്ചറിയാതെ പോകുന്നത്. കാടിറങ്ങുന്ന മൃഗങ്ങളല്ല ഈ അവസ്ഥയ്ക്ക് കാരണം കാട് കയ്യേറുന്ന മനുഷ്യര്‍ തന്നെയാണ്.

വന ആവാസ വ്യവസ്ഥയിലുണ്ടാകുന്ന തകര്‍ച്ച, ഭക്ഷണം വെള്ളം എന്നിവയുടെ ലഭ്യത കുറവ്, മൃഗങ്ങളുടെ സഞ്ചാരപഥങ്ങള്‍ അടഞ്ഞു പോകുന്നത്, ഇണ ചേരലിനും കുഞ്ഞുങ്ങളെ പ്രസവിച്ച് വളര്‍ത്തുന്നതിനുമുണ്ടാകുന്ന പ്രതിബന്ധങ്ങള്‍, അധിനിവേശ സസ്യങ്ങളുടെ വ്യാപനം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യന്റെ വനത്തിനകത്തെ കടന്നുകയറ്റം എന്നീ കാരണങ്ങളാല്‍ വന്യമൃഗങ്ങള്‍ കാട് വിട്ട് പുറത്ത് ഭക്ഷണം തേടാനും ഇടപഴകാനും നിര്‍ബന്ധിതരാകുകയാണ് ചെയ്യുന്നത്. വന്യമൃഗങ്ങളുടെ സഞ്ചാരപഥങ്ങള്‍ക്ക് കുറുകെ മനുഷ്യര്‍ ഗ്രാമങ്ങളും റിസോര്‍ട്ടുകളും വൈദ്യുതി വേലികളും കിടങ്ങുകളും കൃഷിപ്പാടങ്ങളുമൊക്കെ നിര്‍മ്മിച്ചതാണ് ഇവിടുത്തെ അടിസ്ഥാനപരമായ പ്രശ്‌നം. അതുപോലെ മറ്റൊരു പ്രശ്‌നമാണ് കാട്ടുതീ. കുടിയേറാനും റോഡുകള്‍ നിര്‍മ്മിക്കാനും കൃഷിയിടം വ്യാപിപ്പിക്കാനുമൊക്കെ പലരും കാട് തീയിടുകയാണ്. ഇത് സംസ്ഥാനത്തെ നിത്യഹരിത വനങ്ങളുടെ നാശത്തിന് തന്നെ വഴിയൊരുക്കി. ഇതോടെ വന്യജീവികള്‍ സ്വന്തം വാസസ്ഥലത്ത് നിന്ന് മറ്റൊരിടം കണ്ടെത്താന്‍ നിര്‍ബന്ധിതരായി. വര്‍ഷംതോറുമുണ്ടാവുന്ന കാട്ടു തീ മൂലം വന്യജീവികളുടെ ആവാസ വ്യവസ്ഥയ്ക്കുണ്ടായ നഷ്ടത്തെക്കുറിച്ച് വ്യക്തമായ ഒരു കണക്കെടുപ്പ് പോലും നാം നടത്തിയിട്ടില്ല. അനധികൃത മരം മുറിയും, പാറഖനനവുമൊക്കെ വന്യജീവികള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നുണ്ട്.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

ചെണ്ട കൊട്ടി ശബ്ദമുണ്ടാക്കുക, പടക്കം പൊട്ടിക്കുക, തീയിടുക, ഏറുമാടങ്ങള്‍ കെട്ടുക തുടങ്ങിയ രീതികളിലൂടെയായിരുന്നു വനത്തിനുള്ളില്‍ താമസിക്കുന്ന പല മനുഷ്യരും വന്യമൃഗങ്ങളുടെ കടന്നു വരവിനെ ചെറുത്തിരുന്നത്. വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ തീറ്റയും വെള്ളവും കാടിനുള്ളില്‍ തന്നെ ഉറപ്പാക്കണം. ഒട്ടേറെ മരത്തൈകള്‍ കാട്ടില്‍ നട്ടുവളര്‍ത്താനും കുളങ്ങളും ചെക്ക് ഡാമുകളും നിര്‍മ്മിക്കാനുമുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കണം. അതോടൊപ്പം കാട്ടുമൃഗങ്ങള്‍ക്ക് മാത്രമല്ല മനുഷ്യജീവനും വിലയുണ്ടെന്ന തിരിച്ചറിവിലൂടെയുള്ള പരിഹാര നടപടികളാണ് ഇപ്പോള്‍ നാടിന് ആവശ്യം. വനസംരക്ഷണവും വന്യജീവി സംരക്ഷണവും അനിവാര്യവും പരമപ്രധാനവുമാണ്. മനുഷ്യ ജീവനും ഉപജീവനമാര്‍ഗങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ ഉപേക്ഷകാട്ടാതെയാവണം മുന്നോട്ട് പോകേണ്ടത്. മൃഗങ്ങള്‍ വനാതിര്‍ത്തിയില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ ശാസ്ത്രീയമായ പ്രതിരോധ സംവിധാനങ്ങളുണ്ടാക്കാനാവണം. വന്യജീവി ആക്രമണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വനംവന്യജീവി വകുപ്പിനെ കൂടുതല്‍ ആള്‍ബലവും ആയുധബലവും നല്‍കി സുസജ്ജമാക്കേണ്ടതുണ്ട്.

1972 ലെ വന്യ ജീവി (സംരക്ഷണ) നിയമ പ്രകാരം വന്യജീവി വനത്തില്‍ എന്നുള്ളതായിരുന്നു നിയമം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നു. ഇവിടെ ജനങ്ങള്‍ക്കും സംരക്ഷണം ഒരുക്കേണ്ടതുണ്ട്. അതിനായി നിയമ ഭേദഗതി കൊണ്ടുവരികയും വേണം.

(കടപ്പാട്മംഗളം ദിനപത്രം 9/02/24)

Related Articles

Back to top button