ErnakulamLatest

കഷ്ടകാലം മാറാതെ തിയേറ്ററുകള്‍

“Manju”

കൊച്ചി: സൂപ്പര്‍താരങ്ങളായ രജനികാന്തിന്റെയും വിശാലിന്റെയും സിനിമകള്‍ പരാജയപ്പെട്ടതും റിലീസ് രണ്ടാഴ്‌ച പിന്നിട്ടിട്ടും പകുതി സീറ്റുകള്‍ പോലും നിറയാത്തതും മൂലം തിയേറ്ററുകള്‍ പ്രതിസന്ധിയില്‍.
ദീപാവലിക്ക് ആഗോളതലത്തില്‍ റിലീസ് ചെയ്ത രജനീകാന്തിന്റെ ‘അണ്ണാത്തെ’ തമിഴ്നാട്ടിലുള്‍പ്പെടെ പരാജയപ്പെട്ടതാണ് തിരിച്ചടി. വര്‍ഷങ്ങള്‍ക്കു ശേഷം തിയേറ്ററിലെത്തിയ സിനിമ പതിവ് രജനികാന്ത് സിനിമകളുടെ പകിട്ടില്ലാത്തതിനാല്‍ പ്രേക്ഷകര്‍ കൈവിട്ടു. മൂന്നു ദിവസം പോലും പലയിടത്തും അണ്ണാത്തെ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല.
വിശാല്‍ നായകനായ വീരമേ വൈഗൈ സൂടും എന്ന സിനിമയും ദക്ഷിണേന്ത്യ മുഴുവന്‍ റിലീസ് ചെയ്തെങ്കിലും സ്വീകാര്യത ലഭിച്ചില്ല.
കൊവിഡ് ലോക്ക്ഡൗണിന് ശേഷം റിലീസ് ചെയ്ത ‘സ്റ്റാര്‍’ സിനിമയും വിജയിച്ചില്ല. ജോജു ജോര്‍ജ് നായകനും ശീലു എബ്രഹാം നായികയുമായ സ്റ്റാറില്‍ പ്രഥ്വിരാജ് അതിഥിതാരമായും എത്തിയിരുന്നു. മലയാളം സിനിമകളൊന്നും വിജയിച്ചില്ലെന്ന് നിര്‍മ്മാതാക്കളും തിയേറ്ററുടമകളും പറഞ്ഞു.
പിന്‍വലിഞ്ഞ് മിഷന്‍ സി
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി റിലീസ് ചെയ്തശേഷം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ജനങ്ങള്‍ തിയേറ്ററിലെത്താന്‍ വൈകുന്നത് പരിഗണിച്ചാണ് പിന്‍വലിക്കുന്നതെന്ന് നിര്‍മ്മാതാവ് ഷാജി മുല്ല പറഞ്ഞു. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ചശേഷം വീണ്ടും റിലീസ് ചെയ്യാനാണ് ലക്ഷ്യം.
ഒ.ടി.ടി ശരണം
മോഹന്‍ലാല്‍ നായകനായ മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം ഉള്‍പ്പെടെ അഞ്ചു സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നാലെ കൂടുതല്‍പേര്‍ അതേവഴി സ്വീകരിക്കുന്നു. ദിലീപ് നായകനായ കേശു ഈ വീടിന്റെ ഐശ്യര്യം, ജബ്ബാര്‍ ചെമ്മാട് സംവിധാനം ചെയ്ത മീസാന്‍, ടോവിനോ നായകനായ മിന്നല്‍ മുരളി, നിവിന്‍ പോളി നായകനായ കനകം കാമിനി കലഹം, ഞാന്‍ സെലിബ്രിറ്റി തുടങ്ങിയ സിനിമകള്‍ ഒ.ടി.ടിയിലാണ് എത്തുന്നത്. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാതെ സാമ്ബത്തികവിജയം നേടില്ലെന്ന വിലയിരുത്തലിലാണ് ഒ.ടി.ടി സ്വീകരിക്കുന്നത്. ഭേദപ്പെട്ട തുക ഒ.ടി.ടിയില്‍ ലഭിക്കുന്നതും ആകര്‍ഷണമാണെന്ന് നിര്‍മ്മാതാക്കളും പറയുന്നു.
കുറുപ്പില്‍ പ്രതീക്ഷ
ഇന്ന് റിലീസ് ചെയ്യുന്ന കുറുപ്പ് തിയേറ്ററുകളെ ഉണര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍. 350 തിയേറ്ററുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മ്മാതാവുമായ കുറുപ്പിന്റെ റിലീസ്. പ്രമുഖ നഗരങ്ങളില്‍ മൂന്നു ദിവസത്തെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
“മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ചാലേ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഒരുമാസം കൂടി അതിന് വേണ്ടിവരും. അതിന് ശേഷമേ വലിയ സിനിമകള്‍ പ്രതീക്ഷിക്കാന്‍ കഴിയൂ.”

Related Articles

Back to top button