LatestThiruvananthapuram

വ്യാജ തീറ്റ വിറ്റാല്‍ ഒരുവര്‍ഷം തടവ്​

“Manju”

തിരുവനന്തപുരം: കോഴിത്തീറ്റയും കാലിത്തീറ്റയും വില്‍ക്കാന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുന്ന നിയമം വരുന്നു. റദ്ദായ ഓഡിനന്‍സിന് പകരമുള്ള ബില്‍ മന്ത്രി ജെ.ചിഞ്ചുറാണി ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചു. ഓര്‍ഡിനന്‍സ് ആഗസ്റ്റ് എട്ടിന് റദ്ദായെന്നും സെലക്‌ട് കമ്മിറ്റിയില്‍ നിന്ന് തിരിച്ച്‌ സഭയിലെത്താന്‍ മാസങ്ങളെടുക്കുമെന്നും ആ കാലയളവില്‍ കേസെടുക്കുന്നത് നിയമവിരുദ്ധമാണെന്നും മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടിയത് സഭ അംഗീകരിച്ചു.

കന്നുകാലത്തീറ്റയ്ക്ക് മില്‍മയും കോഴിത്തീറ്റയ്ക്ക് കേരളഫീഡ്സുമാണ് കേരളത്തിലുള്ളത്. കൃഷി കൂടിയതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വില കുറഞ്ഞ തീറ്റകള്‍ എത്തുന്നുണ്ട്. ഇത് അസുഖമുണ്ടാക്കുകയും വ്യാജ ഉല്‍പന്നങ്ങളുടെ വില്‍പ്പന വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമം കൊണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ഓര്‍‍ഡിനന്‍സ് നാലുതവണ പുതുക്കി. ഈ മാസം വീണ്ടുംപുതുക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതോടെയാണ് ഇന്നലെ സഭയില്‍ ബില്ലായി വന്നത്.

കാലിത്തീറ്റയുടേയും കോഴിത്തീറ്റയുടേയും നിലവാരം ഉറപ്പാക്കാനും വിലനിയന്ത്രിക്കാനും വ്യാജഉല്‍പന്നങ്ങളുടെ വില്‍പനയും മായംചേര്‍ക്കലും തടയാനുമാണ് നിയമം എന്ന് മന്ത്രി ചിഞ്ചുറാണി സഭയില്‍ പറഞ്ഞു.

നിയമം വന്നാല്‍

ഉമി, അറക്കപ്പൊടി, ജന്തുജന്യവസ്തുക്കള്‍, യൂറിയ, അമോണിയ, മാര്‍ബിള്‍ പൊടി, ഡോളോമൈറ്റ്, ഫെറിക് ഓക്സൈഡ്,കാപ്രിക് ഓക്സൈഡ്, മാംഗനീസ് ഡയോക്സൈഡ്, റോക്ക് ഫോസ്ഫേറ്റ് എന്നിവ കാലിത്തീറ്റയിലും കോഴിത്തീറ്റയിലും ഉപയോഗിക്കുന്നത് നിരോധിക്കും. കോഴിത്തീറ്റയും കാലിത്തീറ്റയും നിര്‍മ്മിക്കാനും വില്‍ക്കാനും ലൈസന്‍സ്. മൂന്ന് വര്‍ഷമാണ് കാലാവധി. വ്യാജഉല്‍പന്നം വിറ്റാല്‍ ലൈന്‍സന്‍സ് റദ്ദാക്കും. പരിശോധനയ്‌ക്ക് ലബോറട്ടറികളെ എംപാനല്‍ ചെയ്യും. വ്യാജ ഉല്‍പന്നങ്ങള്‍ വിറ്റാല്‍ ആദ്യതവണ അരലക്ഷവും രണ്ടാം തവണ രണ്ടുലക്ഷം രൂപയും പിഴ വിധിക്കാം. മൂന്നാം തവണ പിടിക്കപ്പെട്ടാല്‍ കോടതിയില്‍ വിചാരണനേരിടണം. ഒരുവര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

Related Articles

Back to top button