KeralaLatest

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്; കാണികള്‍ക്ക് അനുമതി 100 മീറ്റര്‍ ദൂരത്തില്‍ മാത്രം

“Manju”

തൃശൂര്‍: തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് നടക്കുന്ന ഞായറാഴ്ച രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ട് പ്രദേശത്തും വാഹന പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിപ്പ്.

വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയര്‍ലൈനില്‍നിന്ന് 100 മീറ്റര്‍ അകലത്തില്‍ മാത്രമേ കാണികളെ അനുവദിക്കൂ. അതിനാല്‍ സ്വരാജ് റൗണ്ടില്‍, നെഹ്റുപാര്‍ക്കിനു മുന്‍വശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജങ്ഷന്‍, ഇന്ത്യന്‍ കോഫി ഹൗസ് വരെയുള്ള ഭാഗങ്ങളില്‍ മാത്രമേ, കാണികളെ അനുവദിക്കൂ. ബാക്കിയുള്ള സ്ഥലങ്ങളില്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ വരെ മാത്രമേ കാണികളെ അനുവദിക്കൂ. നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളില്‍ കാണികള്‍ കയറുന്നത് നിരോധിച്ചു. നിര്‍മാണാവസ്ഥയിലുള്ളതും ശരിയായി സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കാതെ നിര്‍മിച്ചതുമായ കെട്ടിടങ്ങളില്‍ കാണികള്‍ പ്രവേശിക്കരുതെന്ന് വ്യക്തമാക്കിയ പൊലീസ് നഗരത്തിലെ 124 അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടിക പുറത്തുവിട്ടു.
വെടിക്കെട്ട് കാണാന്‍ തൃശൂര്‍ നഗരത്തിലേക്ക് വരുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാതെ സുരക്ഷിതമായി വാഹനം പാര്‍ക്കുചെയ്യാവുന്ന ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണം. നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമായ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പൊലീസ് സേവനവും ലഭിക്കും. ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി രണ്ട് അസി. കമീഷണറുടെ കീഴില്‍, എട്ട് സെക്ടറുകളാക്കി തിരിച്ച്‌ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രത്യേക പൊലീസ് ടീമും സുരക്ഷ പട്രോളിങ്ങിലുണ്ട്. തൃശൂര്‍ പൂരം വെടിക്കെട്ട് സമയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ഒഴിപ്പിച്ചെടുക്കുന്നതിനുവേണ്ടി രാഗം തിയറ്ററിനു സമീപമുള്ള ചെമ്പോട്ടില്‍ ലെയിന്‍ എമര്‍ജന്‍സി റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍, ഈ റോഡില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു തടസ്സങ്ങളും അനുവദിക്കില്ല.

Related Articles

Back to top button